നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴിലവസരങ്ങളെ ബാധിക്കും; ഹരജി തള്ളി സുപ്രീം കോടതി
India
നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴിലവസരങ്ങളെ ബാധിക്കും; ഹരജി തള്ളി സുപ്രീം കോടതി
നിഷാന. വി.വി
Saturday, 14th March 2026, 7:13 am

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ ദിനങ്ങളില്‍ അവധി നിര്‍ബന്ധമാക്കുന്ന ദേശീയ നയം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി.

നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കുന്നത് സ്ത്രീകളെ പലവിധത്തിലും ദോഷകരമായി ബാധിച്ചേക്കാമെന്ന് കോടതി നിരീക്ഷിച്ചു.

ഇത് സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ കമ്പനികളെ പിന്നോട്ടടുപ്പിച്ചേക്കാമെന്നും സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ കാരണമാവുമെന്നും കോടതി പറഞ്ഞു.

ആര്‍ത്തവ അവധി നിര്‍ബന്ധിതമാക്കുന്നത് സ്ത്രീകള്‍ ശാരീരികമായി പുരുഷന്മാരേക്കാള്‍ പിന്നിലാണെന്ന ധാരണയുണ്ടാക്കും, ഇത് സ്ത്രീക്കള്‍ക്കിടയില്‍ തന്നെ ഒരു മാനസിക തടസ്സം സൃഷ്ടിക്കാന്‍ കാരണമാവുമെന്നും കോടതി നിരീക്ഷിച്ചു.

നിര്‍ബന്ധിത ആര്‍ത്തവ അവധിയുണ്ടായാല്‍ ഒരുപക്ഷേ ദൈനംദിന വാദം കേള്‍ക്കേണ്ട കേസ് വനിതാ ജഡ്ജിയെ ഏല്‍പ്പിക്കാത്ത സ്ഥിതി ജുഡീഷ്യറിയില്‍ പോലുമുണ്ടാവാമെന്നും കോടതി പറഞ്ഞു.

‘സ്ഥാപനങ്ങള്‍ സ്വമേധയാ അത്തരം അവധി നല്‍കുന്നത് മികച്ച കാര്യമാണ്. എന്നാല്‍ നിയമപരമായി നിര്‍ബന്ധമാക്കിയാല്‍ ആരും അവര്‍ക്ക് ജോലി നല്‍കില്ല,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.

എന്നാല്‍ ഹരജിക്കാരനോട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടാണ് ഹരജി തീര്‍പ്പാക്കിയത്. എല്ലാ തൊഴില്‍ മേഖലകള്‍ക്കും ഒരേ പോലെ ഈ നിയമം ബാധകമാക്കാന്‍ കഴിയില്ലെന്നും അത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി.

കേരളം, ബീഹാര്‍, ഒഡീഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ആര്‍ത്തവ അവധി നിലവിലുണ്ട്. കേരളത്തിലെ ചില സര്‍വകലാശാലകളും ഇത് നടപ്പിലാക്കിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചില സ്വകാര്യ കമ്പനികളും ഇത് നടപ്പിലാക്കുന്നുണ്ടെന്ന് ഹരജിക്കരാന്റെ അഭിഭാഷകന്‍ എം.ആര്‍ ഷംസാദ് ചൂണ്ടിക്കാട്ടി.

കേരളത്തിന്റേത് മികച്ച മാതൃകയാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രശംസ.

Content Highlight: Mandatory menstrual leave will affect women’s employment opportunities; Supreme Court dismisses petition

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.