ഇത്രയും വട്ടംകറക്കിയതല്ലേ, നീ ബെഞ്ചിലിരിക്ക്
Football
ഇത്രയും വട്ടംകറക്കിയതല്ലേ, നീ ബെഞ്ചിലിരിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th August 2022, 5:49 pm

 

ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം വളരെ മോശം സമയമാണിത്. നിലവില്‍ യുണൈറ്റഡിന്റെ താരമായ അദ്ദേഹത്തിന് ടീമില്‍ തുടരാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ മറ്റ് ക്ലബ്ബുകളൊന്നും റോണോയെ സ്വന്തമാക്കാന്‍ തയ്യാറാകാത്തതില്‍ അദ്ദേഹം യുണൈറ്റഡില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

പ്രീ സീസണ്‍ മത്സരങ്ങളില്‍ അവസാന മത്സരത്തിലായിരുന്നു അദ്ദേഹം ഇറങ്ങിയത്. നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ആദ്യ മത്സരത്തില്‍ ടീമിലുണ്ടാകില്ല എന്നാണ്.

ബ്രൈറ്റനെതിരെ നടത്തുന്ന മത്സരത്തില്‍ റൊണാള്‍ഡോക്ക് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് അവസരം നല്‍കിയേക്കില്ലെന്ന് ദി സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ താല്‍പര്യമുള്ള റൊണാള്‍ഡോ വളരെ വൈകിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നത്. റയോ വയ്യക്കാനോക്കെതിരെ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ താരം ആദ്യ ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ പിന്‍വലിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ടോപ് സ്‌കോറര്‍ റോണാള്‍ഡോ ആയിരുന്നെങ്കിലും താരത്തിനു പകരം ജേഡന്‍ സാഞ്ചോ, ആന്റണി മാര്‍ഷ്യല്‍, മാര്‍ക്കസ് റാഷ്‌ഫോഡ് എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കാനാണ് ടെന്‍ ഹാഗിന്റെ തീരുമാനം. പ്രീ സീസണ്‍ മത്സരങ്ങളില്‍ ഈ മൂന്നു താരങ്ങളും മികച്ച പ്രകടനം നടത്തിയിരുന്നു.

പ്രീമിയര്‍ ലീഗിലെ ആദ്യത്തെ മത്സരത്തില്‍ ബെഞ്ചിലിരിക്കേണ്ടി വന്നാല്‍ റൊണാള്‍ഡോയെ സംബന്ധിച്ച് കനത്ത നിരാശയാവാന്‍ സാധ്യതയുണ്ട്. ഇതു ക്ലബ് വിടാനുള്ള താരത്തിന്റെ താല്‍പര്യത്തെയും വര്‍ദ്ധിപ്പിച്ചേക്കാം. ഞായറാഴ്ചയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മത്സരം.

Content Highlights: Manchestester United will not Play Cristiano Ronaldo