| Tuesday, 10th February 2026, 9:00 am

ലോകം കാത്തിരിക്കുന്ന മുടിവെട്ടിന് മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്; ചെകുത്താന്‍മാര്‍ എതിരാളികളുടെ തട്ടകത്തിലേക്ക്

ആദര്‍ശ് എം.കെ.

മികച്ച ഫോമില്‍ കുതിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒടുവില്‍ കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ചാണ് യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒരിക്കല്‍ക്കൂടി നിര്‍ണായകശക്തിയാകുന്നത്.

പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ 26ാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് യുണൈറ്റഡ്. വെസ്റ്റ് ഹാം യുണൈറ്റഡാണ് എതിരാളികള്‍. ഹാമ്മേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ലണ്ടന്‍ സ്‌റ്റേഡിയമാണ് വേദി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിനൊപ്പം റെഡ് ഡെവിള്‍സ് ആരാധകര്‍ കാത്തിരിക്കുന്നത് ഒരു ഹെയര്‍കട്ടിന് കൂടിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി അഞ്ച് മത്സരം വിജയിക്കാതെ തന്റെ മുടിവെട്ടില്ല എന്ന ശപഥം ചെയ്ത കട്ട യുണൈറ്റഡ് ആരാധകന്‍ ഫ്രാങ്ക് ലെറ്റ് ഒടുവില്‍ തന്റെ പ്രതിജ്ഞ പൂര്‍ത്തിയാക്കുന്നത് കാണാന്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

ദി യുണൈറ്റഡ് സ്ട്രാന്‍ഡ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ‘ശപഥം’ യുണൈറ്റഡ് ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

‘ഡേ വണ്‍ ഓഫ് നോട്ട് കട്ടിങ് മൈ ഹെയര്‍, അണ്‍ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിന്‍സ് ഫൈവ് മാച്ചസ് ഇന്‍ എ റോ’ ഇത് മാത്രമായിരുന്നു ഈ ചലഞ്ചിന്റെ ആദ്യ ദിവസത്തെ ഫേസ് വീഡിയോയിലൂടെ ഫ്രാങ്ക് പറഞ്ഞത്. തുടര്‍ന്ന് എല്ലാ ദിവസവും ഫ്രാങ്ക് ഈ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോകളുടെ ഉള്ളടക്കം എല്ലാം ഒന്ന് തന്നെ, മാറിയത് ദിവസങ്ങള്‍ മാത്രം.

ഡേ ടു, ഡേ ത്രീ, ഡേ ഫോര്‍ എന്ന് തുടങ്ങി ഇന്ന് 492ാം ദിവസത്തിലെത്തേി നില്‍ക്കുകയാണ് ഫ്രാങ്കിന്റെ ചലഞ്ച്. മുടി പറ്റെ വെട്ടിച്ച രൂപത്തില്‍ നിന്നും ഇന്ന് കാടുപോലെ പോലെ വളര്‍ന്ന മുടിയുമായാണ് ഫ്രാങ്ക് ലെറ്റ് ഇപ്പോള്‍ ആരാധകര്‍ക്ക് മുമ്പിലെത്തുന്നത്. തമാശയെന്നോണം തുടങ്ങിയ പരിപാടി ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഫ്രാങ്കിനെ ഏറെ പ്രശസ്തനാക്കിയിരിക്കുകയാണ്.

ഫുട്‌ബോള്‍ പേജുകളും ട്രോള്‍ പേജുകളുമെല്ലാം ഫ്രാങ്കിന്റെ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഫ്രാങ്കിന്റെ ഈ ചലഞ്ച് യുണൈറ്റഡിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

പലപ്പോഴും മാഞ്ചസ്റ്റര്‍ തുടര്‍ച്ചയായി അഞ്ച് മത്സരം വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഒരിക്കലും അതുണ്ടായില്ല. ടീമിന്റെ മോശം പ്രകടനം കാരണം ഒന്നര വര്‍ഷമായി ഫ്രാങ്ക് മുടിവെട്ടിട്ടില്ല, അതിനുള്ള അവസരം യുണൈറ്റഡ് നല്‍കിയിട്ടുമില്ല.

നേരത്തെ യുണൈറ്റഡിന്റെ മോശം ഫോം കാരണം നിരവധി ട്രോളുകളും ഫ്രാങ്കിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ‘ഇവന് ജന്മം മുഴുവന്‍ പോസ്റ്റ് ചെയ്യാനുള്ള കണ്ടന്റ് ആയി’, ‘ഇവന് മുടിവെട്ടണമെങ്കില്‍ മാഞ്ചസ്റ്ററിനെ വിട്ട് മറ്റേതെങ്കിലും ടീമിനെ പിന്തുണയ്ക്കണം’ എന്നെല്ലാമുള്ള ട്രോളുകളും കമന്റുകളുമാണ് ഫ്രാങ്ക് ഏറ്റുവാങ്ങുന്നത്.

ഇത്തവണ ഫ്രാങ്കിനെ കൊണ്ട് മുടിവെട്ടിക്കുമെന്ന് യുണൈറ്റഡും ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ശക്തരായ എതിരാളികളെയടക്കം തോല്‍പ്പിച്ച് തുടര്‍ച്ചയായ നാല് മത്സരം റെഡ് ഡെവിള്‍സ് ജയിച്ചുകഴിഞ്ഞു.

ജനുവരി 17ന് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചുകൊണ്ടാണ് യുണൈറ്റഡ് തുടങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെകുത്താന്‍മാരുടെ വിജയം. ആഴ്‌സണലിനെതിരെയും ഫുള്‍ഹാമിനെതിരെയും 3-2ന് വിജയിച്ച യുണൈറ്റഡ്, ഒടുവില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. ഈ മികച്ച ഫോമിലാണ് യുണൈറ്റഡ് ഹാമ്മേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ 18ാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡിന് എളുപ്പം വിജയിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ റെലഗേഷന്‍ ഭീഷണിയില്‍ നില്‍ക്കുന്ന ഹാമ്മേഴ്‌സ് തോല്‍വി ഒഴിവാക്കാന്‍ തന്നെയാകും ശ്രമിക്കുന്നത്.

Content Highlight: Manchester United will face West Ham looking for a fifth consecutive win

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more