കൊല്‍ക്കത്ത: ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ഇന്ത്യയുടെ കൗമാരപ്പട ലോകത്തിന്റെ ശ്രദ്ധനേടി കഴിഞ്ഞു. അമേരിക്കയുടെ പരിശീലകന്‍ തന്നെ മത്സര ശേഷം ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ യൂറോപ്യന്‍ ലീഗുകളും ഇന്ത്യന്‍ താരങ്ങള്‍ക്കായി രംഗത്തെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ അണ്ടര്‍ 17 ടീമിലെ സൂപ്പര്‍ താരം കോമള്‍ തട്ടാലിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ടതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ആദ്യ മത്സരം വീക്ഷിക്കാന്‍ ജര്‍മന്‍ ബൂണ്ടേഴ്‌സ് ലീഗയില്‍ നിന്നും ഇറ്റാലിയന്‍ സീരി എയില്‍ നിന്നുമുള്ള ക്ലബ്ബുകളുടെ പ്രതിനിധികളുണ്ടായിരുന്നുവെങ്കിലും പ്രീമിയര്‍ ലീഗില്‍ നിന്നും ആരുമുണ്ടായിരുന്നില്ല.
എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ കൊളംബിയയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഗ്യലറിയില്‍ മാഞ്ചസ്റ്ററിന്റെ ടാലന്റ് റിക്രൂട്ട്‌മെന്റ് ടീമുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, പ്രതിനിധികളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും അത് ഫിഫയുടെ നിയമം അനുവദിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
നേരത്തെ, ബൂണ്ടേഴ്‌സ് ലീഗ ക്ലബ്ബായ ബോറൂസിയ മോന്‍ഞ്ചെന്‍ഗ്ലാഡ്ബാച്ച് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജ് മോയ്‌രംഗതെമിനെ ലക്ഷ്യമിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്ററിന്റെ വരവ്.
ഗോവയില്‍ നടന്ന ഇറാന്‍-ഗിനിയ മത്സരത്തിലും യൂറോപ്യന്‍ ക്ലബ്ബുകളുടെ പ്രതിനിധികളുടെ സാന്നിധ്യമുണ്ടായിരുന്നു. കേരളത്തില്‍ വച്ചു നടക്കുന്ന മത്സരത്തിലും ടാലന്റ് സ്‌കൗട്ടിന്റെ സാന്നിധ്യമുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കോമള്‍ തട്ടാല്‍ ഇന്ന് ബെഞ്ചിലാണെന്നത് ടീമിനും ആരാധകര്‍ക്കും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ പരിക്കു മൂലം കളിക്കില്ലെന്ന് പറഞ്ഞിരുന്ന മലയാളി താരം കെ.പി രാഹുല്‍ ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.