അയാൾക്ക് ഇതിലും വലിയ ശിക്ഷ വേറെ നല്‍കാനില്ല; റൊണാൾഡോക്കെതിരെ കർശന നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
Football
അയാൾക്ക് ഇതിലും വലിയ ശിക്ഷ വേറെ നല്‍കാനില്ല; റൊണാൾഡോക്കെതിരെ കർശന നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd October 2022, 9:50 am

ടോട്ടൻഹാം ഹോട്‌സ്പറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയമുറപ്പിച്ച മത്സരത്തിലാണ് ക്രിസ്റ്റിയാനോ റൊണാൾഡോ കളം വിട്ടിറങ്ങിപ്പോയത്.

മത്സരത്തിന്റെ 90ാം മിനിട്ടിൽ താരം ആരോടും പറയാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങിയത് വലിയ വിവാദത്തിന് ഇടയാക്കുകയായിരുന്നു.

താരത്തിന്റെ മോശം പ്രകടനം കാരണം ഈ സീസണിൽ യുണൈറ്റഡിന്റെ എല്ലാ മത്സരങ്ങളിലും കോച്ച് എറിക് ടെൻ ഹാഗ് റൊണാൾഡോയെ ബെഞ്ചിലിരുത്തുകയായിരുന്നു.

ഇതിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നെങ്കിലും ടെൻഹാഗ് തന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയിരുന്നില്ല.

ടോട്ടൻഹാമുമായുള്ള മത്സരം അവസാനിച്ചയുടൻ റൊണാൾഡോയുടെ പ്രവൃത്തിയെ എങ്ങനെ കാണുന്നു എന്ന ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകരോട് ഇപ്പോൾ തങ്ങൾ വിജയമാഘോഷിക്കുന്ന തിരക്കിലാണെന്നും ഉടൻ തന്നെ താരത്തിനെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

തൊട്ടുപിന്നാലെയാണ് റൊണാൾഡോയുടെ രണ്ടാഴ്ചത്തെ ശമ്പളം റദ്ദ് ചെയ്യുമെന്നും ടീമിലെ എല്ലാ അംഗങ്ങളോടും റൊണാൾഡോ മാപ്പ് പറയണമെന്നും ടെൻഹാഗ് അറയിച്ചത്.

തുടർന്ന് ചെൽസിയുമായുള്ള കളിക്ക് റൊണാൾഡോയെ പങ്കെടുപ്പിക്കില്ലെന്നും മത്സരത്തിനായി തയ്യാറാക്കിയ സ്‌ക്വാഡിൽ താരത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന റിപ്പോർട്ടും പുറത്തു വരികയായിരുന്നു.

അതുകൊണ്ട് തീരില്ലെന്നും ഫുട്‌ബോളിനോട് തന്നെ റൊണാൾഡോ ചെയ്ത അനാദരവിന് വലിയ പിഴ ചുമത്തേണ്ടി വരുമെന്നും താരത്തെ കുറച്ച് അച്ചടക്കം പഠിപ്പിക്കാനുണ്ടെന്ന് ടെൻഹാഗ് പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു.

ഈ വർഷത്തോടെ റൊണാൾഡോ ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിടാൻ ഒരുക്കമല്ലെന്നും വമ്പൻ ക്ലബ്ബുകളിൽ നിന്ന് അവസരം തേടിയെത്തുകയാണെങ്കിൽ അപ്പോൾ താരത്തെ വിട്ട് നൽകുന്നതിനെ പറ്റി ആലോചിക്കാം എന്നുമായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.

എന്നാലിപ്പോൾ റൊണാൾഡോയെ വിട്ടയക്കാൻ യുണൈറ്റഡ് ഒരുക്കമാണെന്ന അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ച ക്ലബ്ബിന് വലിയ അപമാനമാണ് ഉണ്ടാക്കിയതെന്നും അതിന്റെ പുറത്താണ് അങ്ങനെയൊരു തീരുമാനത്തിന് യുണൈറ്റഡ് മുതിരുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഖേദ പ്രകടനം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് പരാമർശിക്കാതെയാണ് താരത്തിന്റെ കുറിപ്പ്.

എല്ലാവരോടും ബഹുമാനപൂർവം ഇടപെടാനാണ് താൻ എന്നെന്നും ശ്രമിച്ചിട്ടുള്ളതെന്നും എന്നാൽ ചില നിമിഷങ്ങളിൽ കാര്യങ്ങൾ കൈവിട്ടുപോയെന്നുമാണ് റോണോ പറയുന്നത്.

തന്റെ ഭാഗം വ്യക്തമാക്കിയ ശേഷം യുണൈറ്റഡിനൊപ്പം ഒന്നിച്ചുനിൽക്കുമെന്ന നിലയിലാണ് കുറിപ്പ് അവസാനിച്ചിപ്പിച്ചിട്ടുള്ളത്.

‘എന്റെ കരിയറിലുടനീളം സഹതാരങ്ങളോടും എതിർ കളിക്കാരോടും പരിശീലകരോടും ബഹുമാനപൂർവം ഇടപെടാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അതിൽ ഒരു മാറ്റവും വന്നിട്ടില്ല. ഞാനും മാറിയിട്ടില്ല.

കഴിഞ്ഞ 20 വർഷമായി ഫുട്ബോൾ കളിക്കുന്ന അതേ വ്യക്തിയും അതേ പ്രൊഫഷണലും തന്നെയാണ് ഞാൻ ഇപ്പോഴും. ഞാനെടുക്കുന്ന ഓരോ തീരുമാനത്തിലും ബഹുമാനമെന്ന ഘടകത്തിന് വലിയ പങ്കുണ്ടായിരുന്നു.

ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഫുട്ബോൾ കളിക്കാൻ തുടങ്ങിയ ആളാണ്. അന്ന് മുതൽ മുതിർന്ന കളിക്കാർ എനിക്ക് മാതൃകയായിരുന്നു. അതിന് ഞാൻ ഒരുപാട് പ്രാധാന്യം നൽകിയിരുന്നു.

അതുകൊണ്ട് തന്നെ ഞാൻ വളർന്നപ്പോഴും ചെറുപ്പക്കാരായ കളിക്കാർക്ക് മാതൃകയാകാനാണ് ശ്രമിച്ചത്. ഞാൻ കളിച്ച ഓരോ ടീമിലെയും യുവ കളിക്കാർക്ക് മുമ്പിലും മാതൃകാപരമായി ഇടപെടാൻ ഞാനെന്നും ശ്രമിച്ചിരുന്നു.

നിർഭാഗ്യവശാൽ അങ്ങനെ പെരുമാറാൻ എപ്പോഴും സാധിക്കണമെന്നില്ല. ചില സമയത്ത് കോപം നമ്മുടെ കൂട്ടത്തിലെ ഏറ്റവും മികച്ചവരെ പോലും കീഴടക്കാറുണ്ട്.

കാരിങ്ടണിൽ കൂടുതൽ പരിശീലനം നടത്തണമെന്നും എന്റെ സഹതാരങ്ങളെ സപ്പോർട്ട് ചെയ്യണമെന്നും ഈ ഗെയിമിൽ എന്താണോ എന്നെ കാത്തിരിക്കുന്നത് അതിനെല്ലാം തയ്യാറായി ഇരിക്കണമെന്നുമാണ് ഞാൻ ഇപ്പോൾ കരുതുന്നത്.

സമ്മർദത്തിന് കീഴ്പ്പെടുന്നത് ഒരു ഓപ്ഷനല്ല, ഒരിക്കലും ആകുകയുമില്ല എന്നും ഞാൻ മനസിലാക്കുന്നു. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. യുണൈറ്റഡ് ആയി തന്നെ നമ്മൾ നിലകൊള്ളണം.

ഉടനെ തന്നെ നമ്മൾ വീണ്ടും ഒന്നിക്കും,’ ഇങ്ങനെയായിരുന്നു ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

Content Highlight: Manchester United takes big actions against Cristiano Ronaldo