ദൈവമേ കാത്തോളണേ... സൂപ്പര്‍ താരം ദേശീയ ടീമില്‍ കളിക്കുന്നതില്‍ പേടിയോടെ മാഞ്ചസ്റ്റര്‍ ആരാധകര്‍
Football
ദൈവമേ കാത്തോളണേ... സൂപ്പര്‍ താരം ദേശീയ ടീമില്‍ കളിക്കുന്നതില്‍ പേടിയോടെ മാഞ്ചസ്റ്റര്‍ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd September 2022, 10:25 am

യുവേഫ നേഷന്‍സ് ലീഗിലെ ഫ്രാന്‍സ് ടീമിന്റെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം റാഫേല്‍ വരാനെയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ആശങ്കയറിയിച്ച് മാഞ്ചസ്റ്റര്‍ ആരാധകര്‍. ഓസ്ട്രിയക്കെതിരായ മത്സരത്തിലാണ് വരാനെ ഫ്രഞ്ച് ടീമിന് വേണ്ടി ബൂട്ടുകെട്ടിയത്.

ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ അഭാവത്തില്‍ വരാനെയായിരുന്നു ഫ്രാന്‍സിനെ നയിച്ചത്. ഇതും മാഞ്ചസ്റ്റര്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയിരുന്നു.

താരത്തിന്റെ ആരോഗ്യവും ഫിറ്റ്‌നെസ് ലെവലുമാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വസ്തുത. ചുവന്ന ചെകുത്താന്‍മാരുടെ സെന്റര്‍ ബാക്കിന് മത്സരത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും അപകടമൊന്നും വരുത്തരുത് എന്നായിരുന്നു ആരാധകരുടെ പ്രാര്‍ത്ഥന.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റ പ്രതിരോധ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് വരാനെ. എറിക് ടെന്‍ ഹാഗിന്റെ പദ്ധതികളെ എന്തുവിലകൊടുത്തും നടപ്പിലാക്കുന്ന റോക്ക് സോളിഡ് ഡിഫന്‍സിന്റെ കാവലാളാണ് വരാനെ.

റെഡ് ഡെവിള്‍സിന്റെ പ്രതിരോധത്തില്‍ വരാനെ എത്രത്തോളം അവിഭാജ്യമാണെന്നതാണ് നാഷണല്‍ ടീമില്‍ കളിക്കുമ്പോള്‍ പോലും മാഞ്ചസ്റ്റര്‍ ആരാധകരുടെ കണ്‍സേണാവുന്നത്.

വരാനെയെ 90 മിനിട്ടും കളിക്കാന്‍ അനുവദിക്കരുതെന്നും പരിക്ക് പറ്റാതെ നോക്കണമെന്നും ഫ്രാന്‍സ് ദേശീയ ടീമിനോട് മാഞ്ചസ്റ്റര്‍ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

ഇനിയെല്ലാം ദൈവത്തിന്റെ കൈകളിലേല്‍പിക്കുന്നു എന്ന തരത്തിലുള്ള പ്രാര്‍ത്ഥനയും ആരാധകര്‍ വരാനെക്കായി നേരുന്നുണ്ട്.

അതേസമയം, മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. മുന്നേറ്റ നിരയിലെ സൂപ്പര്‍ താരങ്ങളായ പി.എസ്.ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ എ. സി. മിലാന്റെ സൂപ്പര്‍ താരം ഒലിവര്‍ ജിറൂഡ് എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്.

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിലും കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിച്ച് കിരീടം നിലനിര്‍ത്താനാണ് ലെ ബ്ലൂസ് ഒരുങ്ങുന്നത്.

ഗ്രൂപ്പ് ഡിയിലാണ് ഇത്തവണ ഫ്രാന്‍സ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

 

Content Highlight: Manchester United fans are worried about Raphael Varane playing for France