അവന്‍ വരുമെങ്കില്‍ എത്ര പണം മുടക്കാനും തയ്യാര്‍; സൂപ്പര്‍താരത്തെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
Football
അവന്‍ വരുമെങ്കില്‍ എത്ര പണം മുടക്കാനും തയ്യാര്‍; സൂപ്പര്‍താരത്തെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th March 2023, 9:18 pm

ലെയ്‌സ്റ്റര്‍ സിറ്റി സൂപ്പര്‍താരം ജെയിംസ് മാഡിസണെ വമ്പന്‍ തുക മുടക്കി ക്ലബ്ബിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരത്തെ 100 മില്യണ്‍ യൂറോ മുടക്കിയാണ് ക്ലബ്ബിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

26കാരനായ താരം ഈ സീസണില്‍ കളിച്ച 21 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളും അഞ്ച് അസിസ്റ്റുമാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്.

എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം കോച്ച് പെപ് ഗ്വാര്‍ഡിയോള ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ തകര്‍പ്പന്‍ സൈനിങ്ങാണ് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ലെയ്സ്റ്റര്‍ അപകടകാരികളാണെന്നും മാഡിസണ്‍ അസാധ്യ പ്രതിഭയാണെന്നും പെപ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ ന്യൂകാസില്‍ യുണൈറ്റഡും ലിവര്‍പൂളും താരത്തെ നോട്ടമിട്ട് രംഗത്തെത്തിയിട്ടുണ്ട്.

ജനുവരിയില്‍ താരത്തെ സൈന്‍ ചെയ്യിക്കാന്‍ ലിവര്‍പൂള്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ലെയ്സ്റ്റര്‍ സിറ്റിയില്‍ മാഡിസണ് ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് ബാക്കിയുള്ളത്.

അതേസമയം, കഴിഞ്ഞ ദിവസം ബേണ്‍ലിക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി കാഴ്ചവെച്ചത്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ഹാട്രിക് നേടി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടാണ് മത്സരത്തില്‍ തിളങ്ങിയത്.

Content Highlights: Manchester city wants to sign with James Maddison