ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്ക്; 21ാം സീസണ്‍ ഗോള്‍; പ്രീമിയര്‍ ലീഗില്‍ യണൈറ്റഡിനെ വീണ്ടും രക്ഷിച്ച് റൊണാള്‍ഡോ
Football
ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്ക്; 21ാം സീസണ്‍ ഗോള്‍; പ്രീമിയര്‍ ലീഗില്‍ യണൈറ്റഡിനെ വീണ്ടും രക്ഷിച്ച് റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th April 2022, 10:09 pm

പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഹാട്രിക്ക് നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒരിക്കല്‍ കൂടി വിജയത്തിലേക്ക് നയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഹാട്രിക്കോടെ റൊണാള്‍ഡോ ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോള്‍ നേടി. നേരത്തെ സ്പര്‍സിനെതിരെയും റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു.

ഏഴാം മിനിട്ടില്‍ തന്നെ യുണൈറ്റഡ് മത്സരത്തില്‍ ലീഡ് എടുത്തു. എലാങ്ക നോര്‍വിച് ഡിഫന്‍സില്‍ നിന്ന് പന്ത് പിടിച്ചു വാങ്ങി റൊണാള്‍ഡോക്ക് നല്‍കുകയായിരുന്നു. റൊണാള്‍ഡോ അനായാസം പന്ത് വലയില്‍ എത്തിക്കുകയും ചെയ്തു. 32ആം മിനിട്ടില്‍ റൊണാള്‍ഡോ തന്നെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. അലക്‌സ് ടെല്ലസ് എടുത്ത കോര്‍ണറില്‍ നിന്ന് ഒരു ഹെഡ്ഡറിലൂടെയായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.

എന്നാല്‍ ഒരു ഘട്ടത്തില്‍ 2 ഗോളിന്റെ ലീഡിന് മുന്നില്‍ നിന്ന യുണൈറ്റഡ് പിന്നീട് രണ്ട് ഗോളുകള്‍ വഴങ്ങി കളി കൈവിട്ടെങ്കിലും 76ാം മിനിട്ടില്‍ വീണ്ടും വലകിലുക്കി റൊണാള്‍ഡോ യുണൈറ്റഡിനെ ഒരിക്കല്‍ കൂടി രക്ഷിച്ചു. ഫ്രീകിക്കില്‍ നിന്നായിരനന്നു 76ാം മിനുട്ടിലെ ഹാട്രിക്ക് ഗോള്‍.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 54 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. നോര്‍വിച്ച് അവസാന സ്ഥാനത്താണ്. യുണൈറ്റഡിന്റെ അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുകളുള്ള ടോട്ടന്‍ഹാം ഹോട്‌സ്പര്‍ നാലാം സ്ഥാനത്തും, 31 മത്സരങ്ങളില്‍ നിന്നും 54 പോയിന്റുള്ള ആഴ്സണല്‍ ആറാം സ്ഥാനത്തുമാണ്. വിജയത്തോടെ, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ യുണൈറ്റഡിനായി.

തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ 60ആമത്തെയും ക്ലബ് കരിയറിലെ 50ആമത്തെയും ഹാട്രിക്കാണ് മത്സരത്തിലെ മിന്നും പ്രകടനത്തോടെ റൊണോള്‍ഡോ സ്വന്തമാക്കിയത്.

Content Highlights:  Man Utd 3 Norwich 2, Ronaldo rescues drab Manjaster United with epic Old Trafford HAT-TRICK