| Monday, 21st August 2017, 5:21 pm

ഏറെനേരം കാത്തുനിന്നിട്ടും ബസ് കിട്ടിയില്ല, ഒടുവില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി യുവാവ് മുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കടപ്പാട്:- റിപ്പോര്‍ട്ടര്‍

കൊല്ലം: ബസ് കാത്തുനിന്ന് മടുത്ത യുവാവ് ഒടുവില്‍ ബസ് ഓടിച്ചുകൊണ്ട് പോയി. കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഇന്നലെ രാത്രിയോടൊയാണ് സംഭവം. ഒടുവില്‍ ബസ് പോസ്റ്റിലിടിച്ചതോടെ യുവാവ് പൊലീസ് പിടിയിലായി.

ആറ്റിങ്ങല്‍ സ്വദേശിയായ അലോഷിയാണ് ഇന്നലെ വീട്ടില്‍ പോകാന്‍ ബസ് കിട്ടാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ബസുമായി കടന്നുകളഞ്ഞത്. അലോഷി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

രാത്രി എട്ടുമണിയോടെ കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തിയ അലോഷിയ്ക്ക് നാട്ടിലേയ്ക്കുള്ള രണ്ട് ബസിലും തിരക്ക് കാരണം കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ലിങ്ക് റോഡില്‍ നിര്‍ത്തിയിട്ട ബസ് അലോഷി ഓടിച്ചുകൊണ്ട് പോയത്.


Also Read: അമിത് ഷാ ജാതകം നോക്കാനും തുടങ്ങിയോ; 50 വര്‍ഷം വരെ ബി.ജെ.പി അധികാരത്തിലിരിക്കുമെന്ന പ്രവചനത്തെ കണക്കിന് പരിഹസിച്ച് ശരദ് പവാര്‍


ബസ് ഒരു പോസ്റ്റിലിടിച്ചതോടെയാണ് അലോഷി പൊലീസ് പിടിയിലായത്. പൊലീസ് എത്തിയതോടെ തനിയ്ക്ക് വീട്ടില്‍ പോകാന്‍ മറ്റൊരു ബസ് നല്‍കണമെന്നും നാളെ രാവിലെ തിരിച്ചെത്തിക്കാമെന്നും അലോഷി പറഞ്ഞു.

ബസ് പോസ്റ്റിലിടിച്ച ശേഷം ഇറങ്ങിയോടിയ അലോഷി തിരിച്ച് തന്റെ ഷൂ എടുക്കാന്‍ വീണ്ടും ബസിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പരാതിയിന്മേല്‍ അലോഷിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more