| Thursday, 24th April 2025, 5:46 pm

ആ നടിയുടേത് പോലുള്ള കിറുക്കുള്ള കഥാപാത്രം ചെയ്യാന്‍ എനിക്കും ആഗ്രഹമുണ്ട്: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

കഥ തുടരുന്നുവിലെ അഭിനയത്തിലൂടെ ആ വര്‍ഷം മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടാനും മംമ്തക്ക് സാധിച്ചിരുന്നു. ഗായിക കൂടിയായ നടിക്ക് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ സാധിച്ചിരുന്നു.

ഇപ്പോള്‍ തനിക്ക് കിലുക്കത്തില്‍ രേവതി ചെയ്തത് പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ വലിയ ഇഷ്ടമാണെന്ന് പറയുകയാണ് മംമ്ത. കിറുക്കുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഈയിടെയായിട്ട് തനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ടെന്നും മംമ്ത പറയുന്നു. റെഡ്.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഈയിടെ ആയിട്ട് എനിക്ക് കിറുക്കുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍, ആ ക്യാരക്ടറിന്റെ ചിന്ത ഒരിക്കലും മംമ്ത ചിന്തിക്കുന്നത് പോലെ ആയിരിക്കില്ലല്ലോ.

അതാണ് എനിക്കും ഇഷ്ടം. ഞാന്‍ ഒരിക്കലും എന്റെ കഥാപാത്രത്തെ പോലെയല്ല ചിന്തിക്കുന്നത്. പക്ഷെ അങ്ങനെയൊരു ആള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്.

അങ്ങനെയൊരാളായാല്‍ എങ്ങനെയായിരിക്കും പെരുമാറുക എന്നൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. അതായത് ആ കഥാപാത്രം ചെയ്യാന്‍ പോകുന്ന കാര്യമെന്താണെന്ന് അവര്‍ക്ക് പോലും അറിയില്ലല്ലോ.

എളുപ്പത്തിന് റെഫറന്‍സ് ആയി ഒരു കഥാപാത്രത്തെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടാല്‍, പണ്ടത്തെ സിനിമയിലെ രേവതിയെ പോലെയുള്ള കഥാപാത്രം ചെയ്യാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. കിലുക്കം സിനിമയിലേത് പോലുള്ള കുറച്ച് കിറുക്കത്തരം ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

കാരണം അതില്‍ ഒരു ഹ്യൂമറുണ്ടാകും. ചിലപ്പോള്‍ ഉള്ളില്‍ നിന്നും ഞാന്‍ ചിരിക്കുന്നുണ്ട്. തമാശയുള്ള റോളുകള്‍ ചെയ്ത് ചിരിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. അതുപോലെ ആളുകളെ ചിരിപ്പിക്കാനും ഇഷ്ടമാണ്,’ മംമ്ത മോഹന്‍ദാസ് പറയുന്നു.


Content Highlight: Mamtha Mohandas Talks About Revathi’s Character In Kilukkam Movie

We use cookies to give you the best possible experience. Learn more