| Saturday, 25th January 2025, 1:53 pm

ഇല്ലെങ്കില്‍ ചിലപ്പോള്‍ നടിമാരെ അമ്പത് വയസായ ഹീറോയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചെന്ന് വരും: മംമ്ത മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

കഥ തുടരുന്നുവിലെ അഭിനയത്തിലൂടെ ആ വര്‍ഷം മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടാനും മംമ്തക്ക് സാധിച്ചിരുന്നു. ഗായിക കൂടിയായ നടിക്ക് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ സാധിച്ചിരുന്നു.

സിനിമയില്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അതിന് വേണ്ടി ശക്തമായ കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കണമെന്ന് പറയുകയാണ് മംമ്ത മോഹന്‍ദാസ്. ശരീരം എപ്പോഴും ഫിറ്റായി വയ്ക്കണമെന്നും അല്ലെങ്കില്‍ 50 വയസായ ഹീറോയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചെന്ന് വരുമെന്നും നടി പറയുന്നു.

‘ഇന്നൊക്കെ തമിഴില്‍ അഞ്ചുവര്‍ഷം നായികയായി അഭിനയിച്ചുകഴിഞ്ഞാല്‍ തന്നെ അവരെ ചേച്ചി വേഷം ചെയ്യാന്‍ വിളിക്കും. മംമ്ത ഇപ്പോഴും ലീഡ് ആര്‍ട്ടിസ്റ്റായിത്തന്നെ തുടരുന്നതിന്റെ രഹസ്യമെന്താണ്’ എന്ന ചോദ്യത്തിന് മറപടിയായി മഹിളാരത്‌നത്തോട് സംസാരിക്കുകയായിരുന്നു നടി.

ശരീരം എപ്പോഴും ഫിറ്റായി വയ്ക്കണം, അല്ലെങ്കില്‍ അമ്പതുവയസായ ഹീറോയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചെന്ന് വരും

മംമ്ത മോഹന്‍ദാസ്

‘ഇതില്‍ വലിയ മാജിക്കൊന്നും ഇല്ല. സിനിമാ രംഗത്തെ സംബന്ധിച്ചിടത്തോളം നമ്മള്‍ ഇവിടെ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അതിന് വേണ്ടി ശക്തമായ കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കണം.

ഉദാഹരണത്തിന് ഒരു സിനിമയില്‍ ഹീറോയുടെ അനുജത്തിയായി അഭിനയിക്കാന്‍ വിളിക്കുന്നുവെന്ന് കരുതുക. അത് ജ്യേഷ്ഠന്‍ – അനുജത്തി ബന്ധത്തെ കേന്ദ്രീകരിച്ചുള്ള കഥയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കാം.

അങ്ങനെ അഭിനയിക്കുമ്പോള്‍ പ്രേക്ഷകരിലും സിനിമാരംഗത്തും നമ്മള്‍ ആഴത്തില്‍ പതിയും. പക്ഷേ കഥയുടെ ആഴം മനസിലാക്കാനായി ധാരാളം ഹോം വര്‍ക്ക് ചെയ്യേണ്ടിവരും. ശരീരം എപ്പോഴും ഫിറ്റായി വയ്ക്കണം. അല്ലെങ്കില്‍ അമ്പതുവയസായ ഹീറോയുടെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചെന്ന് വരും,’ മംമ്ത മോഹന്‍ദാസ് പറയുന്നു.

Content Highlight: Mamta Mohandas Talks About Cinema

We use cookies to give you the best possible experience. Learn more