| Monday, 14th May 2018, 4:29 pm

'മോദിയുടെ പ്രസംഗം അതിരുവിടുന്നു'; പ്രധാനമന്ത്രിക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതിയുമായി മന്‍മോഹന്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുന്നെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കി. കര്‍ണാടക തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടെ മോദിയുടെ ഭീഷണിയുടെ സ്വരത്തിലുള്ള പ്രസംഗത്തിന്റെ വീഡിയോയുടെ ലിങ്കും മന്‍മോഹന്‍ സിംഗ് പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനാധിപത്യ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നും സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി പൊതുയോഗങ്ങളില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഭീഷണി മുഴക്കുന്നതും അപലപനീയമാണെന്നും രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ALSO READ:  വര്‍ഗീയ പ്രശ്നങ്ങളെ നേരിടുന്നതില്‍ വന്‍ പരാജയം; മോദി സര്‍ക്കാറിന്റെ ജനപ്രീതിയില്‍ കുത്തനെ ഇടിവെന്ന് ഇന്ത്യ ടുഡെ സര്‍വേ

മേയ് ആറിന് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോണിയയെയും രാഹുലിനെയും ഭീഷണിപ്പെടുത്തിയുള്ള പ്രസംഗമാണ് പരാതിക്ക് ആധാരം.

“ഇത് മോദിയാണ്, പരിധിവിട്ടാല്‍ കോണ്‍ഗ്രസ് അമ്മയും അവരുടെ മകനും വലിയ വില കൊടുക്കേണ്ടിവരും”. ഇതായിരുന്നു മോദിയുടെ ഭീഷണി.

130 കോടി ജനങ്ങള്‍ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്തതും അവരെ നയിക്കുന്നതുമായ ഒരു പ്രധാനമന്ത്രിയില്‍നിന്ന് വരേണ്ട വാക്കുകളല്ല അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ അപലപിക്കപെടേണ്ടതാണെന്നും മോന്‍മോഹന്‍ സിങ് കത്തില്‍ ആവശ്യപ്പെട്ടു.

മന്‍മോഹന്‍ സിംഗ് നല്‍കിയ പരാതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ആനന്ദ് ശര്‍മ്മ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മോത്തിലാല്‍ വോഹ്‌റ, കമല്‍ നാഥ്, അശോക് ഗെഹ് ലോട്ട്, ദിഗ് വിജയ് സിംഗ്, മുകുള്‍ വാസ്‌നിക്, കരണ്‍ സിംഗ് എന്നിവര്‍ ഒപ്പിട്ടിട്ടുണ്ട്.

നാളെയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

We use cookies to give you the best possible experience. Learn more