മലയാള സിനിമയുടെ നെടും തൂണുകളാണ് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അമരത്തിരിക്കുന്ന ഇരുവരും പ്രായഭേദമന്യേ ഒാരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഈ സ്‌നേഹപ്രകടനം കണ്ടറിഞ്ഞ സമയമായിരുന്നു പ്രിയ നടന്‍ മമ്മൂട്ടി അസുഖ ബാധിതനായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത സമയം.
ഈ വര്‍ഷം പകുതിയോടെ സിനിമയില്‍ നിന്നും അവധിയെടുത്ത് മാറിനിന്നതോടെയാണ് താരത്തിന്റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകമറിയുന്നത്. മാരക അസുഖമാണെന്നും വിദേശ രാജ്യത്തില്‍ ചികിത്സക്കായി പോയതാണെന്നുമടക്കമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. അഭിനയ ജീവിതം തുടങ്ങിയ കാലം മുതല്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാത്ത താരം ഇടവേളയെടുത്തത് മലയാളികളെ സംബന്ധിച്ച് ശുഭകരമായ കാര്യമായിരുന്നില്ല.
മമ്മൂട്ടി അസുഖബാധിതനാണെന്ന് അറിഞ്ഞതോടെ തിരിച്ചു വരവിനു വേണ്ടി പ്രാര്‍ത്ഥനയുമായെത്തിയത് ലക്ഷകണക്കിന് മലയാളികളാണ്. തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ പരിഗണിച്ചായിരുന്നു മലയാളത്തിന്റെ ഇഷ്ടനടനു വേണ്ടി മലയാളികള്‍ ഒന്നടങ്കം കാത്തിരുന്നത്. ഇതിനിടെ ശബരിമല ദര്‍ശനത്തിനായി പോയ മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നതും മലയാളി മനസ്സില്‍ മമ്മൂട്ടിയോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമായിരുന്നു.
ബിഗ് ബജറ്റിലൊരുങ്ങുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ഷൂട്ടിനിടയിലായിരുന്നു താരം രോഗബാധിതനാവുന്നതും ഇടവേളയെടുക്കുന്നതും. ചെന്നൈയിലെ വീട്ടില്‍ ചികിത്സക്കുശേഷം പരിപൂര്‍ണ്ണ വിശ്രമത്തിലായിരുന്ന സമയത്തെ അനുഭവങ്ങള്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചിരുന്നു.
സിനിമയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നെങ്കിലും വിശ്രമ സമയത്ത് ഒരുപാട് പേരുമായി സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് അദ്ദേഹം. സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലുമുള്ള ഒരുപാട് നല്ല സുഹൃത്തുക്കളുമായി കൂടുതല്‍ സമയം സംസാരിക്കാന്‍ കഴിഞ്ഞുവെന്നും തിരക്കിട്ട ജീവിതത്തില്‍ പലപ്പോഴും അവരുമായി സമയം പങ്കിടാന്‍ സാധിക്കാറുണ്ടായിരുന്നില്ലെന്നും മമ്മൂട്ടി പറയുന്നു.
മമ്മൂട്ടി. Photo: kalamkaaval poster
ഷൂട്ടിനായി പലപ്പോഴും വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നതിനാല്‍ കുറച്ചുകാലത്തേക്കാണെങ്കിലും മകനും മകളും പേരക്കുട്ടികളുമായി ഇത്രയധികം സമയം പങ്കിട്ടതിന്റെ ആഹ്ലാദവും മമ്മൂട്ടി പങ്കു വെച്ചു. തിരക്കിട്ട ജീവിതത്തിനിടയില്‍ ഇത്രയുമധികം ദിവസം നീണ്ടുനിന്ന ഇടവേള ആദ്യമായിട്ടാണെങ്കിലും വേണ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയതിന്റെ സന്തോഷം മലയാളികളുടെ പ്രിയനടനുണ്ട്.
ഓഗസ്റ്റില്‍ പൂര്‍ണ്ണ ആരോഗ്യവാനായി പാട്രിയറ്റിന്റെ സെറ്റില്‍ തിരിച്ചെത്തിയ മമ്മൂട്ടിയെ നിറഞ്ഞ മനസ്സോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തന്റെ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവര്‍ക്ക് നന്ദി പറയാനും മമ്മൂട്ടി മറന്നില്ല. മലയാള മനോരമ ഹോര്‍ത്തൂസ് വേദിയില്‍ തന്നെ സ്‌നേഹിച്ച ഓരോരുത്തരോടും ഹൃദയത്തില്‍ തൊട്ട് മമ്മൂട്ടി നന്ദി പറഞ്ഞിരുന്നു.
Content Highlight: mammooty talks about his break from cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.