| Saturday, 1st February 2025, 2:16 pm

ശരീരം കൊണ്ടല്ല കണ്ണുകൾ കൊണ്ടാണ് ആ യുവനടൻ എന്റെ സിനിമയിൽ അഭിനയിച്ചത്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ സിനിമയായിരുന്നു റോഷാക്ക്. വ്യത്യസ്തത കൊണ്ടും ക്വാളിറ്റി കൊണ്ടും മികച്ച് നിന്ന ചിത്രം ആയിരുന്നു റോഷാക്ക്‌. മമ്മൂട്ടിയുടെ പ്രകടനം കൊണ്ടും ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടൻ ആസിഫ് അലിയും സിനിമയുടെ ഭാഗമായിരുന്നു. ചിത്രത്തില്‍ ഒരിടത്തും മുഖം കാണിക്കാത്ത ദിലീപ് എന്ന കഥാപാത്രമായാണ് ആസിഫ് പ്രത്യക്ഷപ്പെട്ടത്. താരതമ്യേന ചെറിയ വേഷം ആസിഫ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ആസിഫിന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു റോഷാക്കിലെ ദിലീപ്.

മുഖം കാണിക്കാതെ റോഷാക്കിൽ അഭിനയിച്ച ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ആസിഫ് അലിയോട് മനസ് നിറഞ്ഞ സ്നേഹമാണെന്നും ഒരു നടനെ സംബന്ധിച്ച് മുഖമാണ് ഏറ്റവും പ്രധാനമെന്നും മമ്മൂട്ടി പറയുന്നു. ആസിഫ് അലിയെ ആളുകൾ തിരിച്ചറിഞ്ഞത് കണ്ണിലൂടെയാണെന്നും ആസിഫിന്റെ കണ്ണുകളാണ് ആ സിനിമയിൽ അഭിനയിച്ചതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

‘റോഷാക്കിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് ആസിഫിനോട് മനസ് നിറഞ്ഞ സ്നേഹമാണ്. കാരണം ഒരു നടനെ സംബന്ധിച്ച് ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിച്ച ആളെ മുഖം കൊണ്ട് അഭിനയിച്ച ആളുകളെക്കാൾ കൂടുതൽ റെസ്‌പെക്ട് ചെയ്യണം. ആ കാര്യത്തിൽ ആസിഫിനെ പ്രത്യേകം എടുത്ത് പറയണം.

മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവായ അവയവങ്ങളിൽ ഒന്നാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി ആ സിനിമയിൽ ഉണ്ടെന്ന് അറിയാത്ത ആളുകൾ അവന്റെ കണ്ണിലൂടെയാണ് ആസിഫിനെ തിരിച്ചറിയുന്നത്. അത്രത്തോളം അയാൾ കണ്ണുകൊണ്ട് റോഷാക്കിൽ അഭിനയിച്ചിട്ടുണ്ട്,’മമ്മൂട്ടി പറയുന്നു.

ഈയിടെ റിലീസായ ആസിഫ് അലി ചിത്രം രേഖചിത്രത്തിൽ എ.ഐ വഴി സൃഷ്‌ടിച്ച തൊണ്ണൂറുകളിലെ മമ്മൂട്ടിയെ പ്രേക്ഷകർ കണ്ടിരുന്നു. ചിത്രത്തിലെ ഒരു സീനിനായി അദ്ദേഹം ഡബ്ബ് ചെയ്തിരുന്നു. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ബസൂക്കയാണ് അടുത്തതായി റിലീസാവാനുള്ള മമ്മൂട്ടി ചിത്രം.

Content Highlight: Mammooty About Asif Ali’s Performance In Rorsharch Movie

Latest Stories

We use cookies to give you the best possible experience. Learn more