മലയാളികൾക്ക് ഏറെ അഭിമാനകരമായ ദിവസം സമ്മാനിച്ചുകൊണ്ടായിരുന്നു കഴിഞ്ഞദിവസം കടന്നുപോയത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മലയാളത്തിന്റെ അഭിമാന താരം മമ്മൂട്ടി ഏറ്റുവാങ്ങിയ നിമിഷം മാത്രമല്ല, അതേ ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തിയത് ആഘോഷത്തിന് ഇരട്ടി മധുരം നൽകി.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തിയത്.
ഏഴാം തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയ വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒരുപക്ഷേ പ്രായത്തിൽ മൂത്തതായതു കൊണ്ടായിരിക്കാം ഈ അവാർഡ് തനിക്ക് ലഭിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം പുരസ്‌കാരങ്ങൾ വലിയ പ്രോത്സാഹനമാണ്. അതും മലയാളം പോലെ മികച്ച സിനിമകൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ഭാഷയിൽ അഭിനയിച്ചതിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുന്നത് അതിലേറെ സന്തോഷകരമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകൾ കലാപരമായും സാമ്പത്തികമായും വലിയ വിജയങ്ങളായിരുന്നു. പുതിയ അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നമ്മൾ കണ്ടു,’ മമ്മൂട്ടി പറഞ്ഞു.
ആസിഫ് അലി, മമ്മൂട്ടി, ടോവിനോ തോമസ്, Photo: Asif Ali/ Facebook
തനിക്കൊപ്പം മത്സരിച്ച കലാകാരന്മാരെ അഭിനന്ദിക്കാനും താരം മറന്നില്ല,
സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ച ആസിഫ് അലിയും ടോവിനോ തോമസും ഒരു മില്ലിമീറ്റർ പോലും പിന്നിലല്ല. സൗബിൻ ഷാഹിർ, ഷംന ഹംസ എന്നിവരടക്കം എല്ലാവരും അഭിനയത്തിലൂടെ അത്ഭുതപ്പെടുത്തിയവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഫെമിനിച്ചി ഫാത്തിമ’ പോലുള്ള സിനിമകൾ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ എന്നും, അത്തരം സിനിമകൾ ഉൾക്കൊള്ളാൻ കഴിയുന്ന പ്രേക്ഷകരാണ് മലയാളികളെന്നും മമ്മൂട്ടി പറഞ്ഞു.
ഭ്രമയുഗം, Photo: IMDb
അതേസമയം, കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.