മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടന വിസ്മയമാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷക മനസിൽ ഇടം നേടിയ താരം, വ്യത്യസ്തമായ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ ഇന്നും മറ്റു താരങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു.
വില്ലനായും നായകനായും സഹനടനായും എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്ത് കഴിവ് തെളിയിച്ചിട്ടുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
പരമോന്നത സ്ഥാനത്ത് ഇരുന്നിട്ടും ‘കളങ്കാവൽ’ പോലെയുള്ള ചിത്രങ്ങളിൽ പ്രതിനായക വേഷം കൈകാര്യം ചെയ്യാനും, മറ്റാരും ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കാനും അദ്ദേഹം മടിച്ചില്ല. അഭിനയത്തോട് ഇന്നും അതിരില്ലാത്ത ആവേശം പുലർത്തുന്ന മമ്മൂട്ടി, സിനിമയോടുള്ള തന്റെ ആർത്തിയും ആഗ്രഹവും എക്സൈറ്റ്മെന്റും ഇന്നും ഒരു തരി കുറഞ്ഞിട്ടില്ല എന്ന് പറയുകയാണ്.
‘ഇനിയും ഞാൻ എക്‌സ്‌പ്ലോർ ചെയ്യാത്ത എത്രയോ കഥാപാത്രം ഉണ്ട്. അതിൽ എനിക്ക് സംശയമൊന്നുമില്ല. ഞാൻ ഇന്ന് യൂത്ത് എന്ന് പറയുന്ന ഒരു സിനിമയുടെ സക്സസ് മീറ്റ് കണ്ടു. ഒരുപാട് പിള്ളേർ വന്ന് സംസാരിച്ചു. അതിൽ ഒരു പയ്യൻ വന്ന് സംസാരിക്കുമ്പോൾ അവന് സന്തോഷവും വരുന്നു സങ്കടവും വരുന്നു.
‘ഞാൻ സിനിമയിൽ നന്നാവൂലാ സിനിമയിൽ എനിക്ക് ചാൻസ് കിട്ടില്ല എന്റെ അച്ഛൻ നീ എന്തിനാടാ അഭിനയിക്കാൻ പോകുന്നത്, നിന്നെ കളിയാക്കാനാ വിളിക്കുന്നത്’ എന്നെല്ലാം പറഞ്ഞെന്ന് ആ പയ്യൻ പറഞ്ഞു.
അങ്ങനെ അവൻ സിനിമയിൽ ചാൻസ് കിട്ടി എന്നൊക്കെ പറഞ്ഞ് ഭയങ്കര ഇമോഷണൽ ആയി പോകുന്ന ഒരു മൊമെന്റ് ഉണ്ട്. ഞങ്ങൾക്കൊന്നും അങ്ങനെ ഒരു മൊമെന്റ് ഉണ്ടായിട്ടില്ല. ഞങ്ങൾ സിനിമ എന്തെന്നറിഞ്ഞ കാലം അഭിനയം തുടങ്ങിയവരാണ്.
ആ എക്സൈറ്റ്മെന്റ് ആ ആർത്തി ആ ആഗ്രഹം ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അതിപ്പോഴും എനിക്കുണ്ട്,’ മമ്മൂട്ടി പറഞ്ഞു.
പേട്രിയറ്റ് ആണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. മലയാള സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്.
പേട്രിയറ്റ്, Photo: Mammootty/ Facebook
മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്.
സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.
Content Highlight: Mammootty talks about the actor in youth cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.