ഈ ഡോക്ടറേറ്റ് കൊണ്ട് നിങ്ങളെ ചികിത്സിക്കാന്‍ സാധിക്കില്ല, പക്ഷേ കഴിഞ്ഞ 45 വര്‍ഷമായി ഞാന്‍ നിങ്ങളെ ചികിത്സിക്കുന്നു: മമ്മൂട്ടി
Malayalam Cinema
ഈ ഡോക്ടറേറ്റ് കൊണ്ട് നിങ്ങളെ ചികിത്സിക്കാന്‍ സാധിക്കില്ല, പക്ഷേ കഴിഞ്ഞ 45 വര്‍ഷമായി ഞാന്‍ നിങ്ങളെ ചികിത്സിക്കുന്നു: മമ്മൂട്ടി
അശ്വിന്‍ രാജേന്ദ്രന്‍
Monday, 25th May 2026, 9:01 pm

മലയാള സിനിമയുടെ നെടുംതൂണായി കഴിഞ്ഞ നാലരപതിറ്റാണ്ടായി നിലകൊള്ളുന്ന താരമാണ് മമ്മൂട്ടി. 1971ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം 2026ലും മലയാള സിനിമയുടെ അമരത്ത് പകരക്കാരില്ലാതെ തുടരുകയാണ്. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരം ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളാണ് തന്റെ അഭിനയ ജീവിതത്തിലുടനീളം വെള്ളിത്തിരയില്‍ പകര്‍ന്നാടിയിട്ടുള്ളത്.

ഭ്രമയുഗം. Photo: The Indian Express

കാതല്‍, പുഴു, ഭ്രമയുഗം, ഉണ്ട, കളങ്കാവല്‍ തുടങ്ങി ഒട്ടനവധി അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ താരം മലയാള സിനിമയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയെ തുടര്‍ന്ന് മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മമ്മൂട്ടിയ്ക്ക് ഓണററി ഡോക്ടറേറ്റ് ലഭിച്ചുവെന്ന വാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് താരത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ നന്ദി സൂചകമായി താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘ഡോക്ടറേറ്റ് ഒരു റെക്കഗ്നീഷനാണ്. എന്റെ കുട്ടിക്കാലത്ത് പിതാവിന്റെ ആഗ്രഹം എന്നെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു. പക്ഷേ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ആ ആഗ്രഹം നിറവേറ്റി നല്‍കാന്‍ എനിക്ക് സാധിച്ചില്ല. ഇപ്പോഴിതാ മൂന്നാമത്തെ തവണയാണ് എനിക്ക് ഒരു ഡോക്ടറേറ്റ് ലഭിക്കുന്നത്. പക്ഷേ ഇതുവെച്ച് എനിക്ക് ആളുകളെ ചികിത്സിക്കാന്‍ സാധിക്കില്ല. എന്നാല്‍ കഴിഞ്ഞ 45 വര്‍ഷമായി ഞാന്‍ നിങ്ങളെ ചികിത്സിച്ച് കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഇന്റലെക്ടിനെയും എന്റര്‍ടെയിന്‍മെന്റിനെയുമാണ് ഞാന്‍ ട്രീറ്റ് ചെയ്തത്. എന്റെ അവസാന ശ്വാസം വരെ ഇതുപോലെ ആരോഗ്യവാനായി ഞാന്‍ തുടരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി,’ മമ്മൂട്ടി പറഞ്ഞു.

ഉണ്ട. Photo: The Indian Express

നേരത്തേ ഇത്തരത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും കേരള സര്‍വ്വകലാശാലയുടെയും ഡേക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പുരസ്‌കാരം സിനിമാ മേഖലയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

Content Highlight: Mammootty talks about his career and father’s wish

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.