ഭക്തജനങ്ങൾക്ക് പ്രസാദം വിളമ്പി മമ്മൂട്ടി; എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനത്തിന് തുടക്കം
Malayalam Cinema
ഭക്തജനങ്ങൾക്ക് പ്രസാദം വിളമ്പി മമ്മൂട്ടി; എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനത്തിന് തുടക്കം
നന്ദന എം.സി
Tuesday, 27th January 2026, 2:16 pm

മലയാളികൾക്ക് മമ്മൂട്ടി വെറും ഒരു നടനല്ല പ്രേക്ഷക മനസ്സിൽ തന്റേതായ ഒരിടം നേടിയെടുത്ത വ്യക്തിയാണ്. ആ ഇടം ഒരിക്കൽ കൂടി ഉറപ്പിച്ചതായിരുന്നു എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന മഹാ അന്നദാന ചടങ്ങ്. ഭക്തജനങ്ങൾക്ക് പ്രസാദം സ്വന്തം കൈകളാൽ വിളമ്പി, മനം നിറഞ്ഞ പ്രാർത്ഥനയോടെ അന്നദാനത്തിന് തുടക്കം കുറിച്ച മമ്മൂട്ടി, ആരാധകരുടെ മനസ്സിൽ വീണ്ടും തന്റെ സ്ഥാനം ഉറപ്പിച്ചു.

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന ചടങ്ങ്, പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യ പൊതു ചടങ്ങ് കൂടിയായിരുന്നു. മുഹമ്മദ് കുട്ടിയായ മമ്മൂട്ടി, മത–ജാതി അതിരുകൾക്ക് അപ്പുറം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാണ് ഇവിടെ നൽകിയത്. ഭക്തജനങ്ങൾക്കൊപ്പം നിന്ന് പ്രസാദം വിളമ്പിയ താരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടി, Photo: YouTube/ Screengrab

ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച മമ്മൂട്ടി, അന്നദാന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. ‘ഇത്തരത്തിലുള്ള അവസരങ്ങൾ നമ്മുടെ സാമുദായിക സൗഹൃദത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഇതൊക്കെ നമ്മളിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കട്ടെ,’ എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകളും സാന്നിധ്യവും ചടങ്ങിനെ ഹൃദയസ്പർശിയാക്കി.

മലയാളികൾ ഒന്നാണ്, മമ്മൂട്ടി പറഞ്ഞാൽ അതാണ് ക്ലാസ്, മമ്മൂട്ടിയാണ് റിയൽ നടൻ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിക്കുന്നത്. ജനഹൃദയങ്ങളിൽ നിറഞ്ഞ സ്നേഹമാണ് അന്നദാന ചടങ്ങിൽ മമ്മൂട്ടിയെ സ്വീകരിച്ചത്.

മമ്മൂട്ടി, Photo: YouTube/ Screengrab

77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മമ്മൂട്ടിക്ക് രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചത്. 1998-ൽ അദ്ദേഹം പത്മശ്രീ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. അതിനിടയിൽ, രണ്ട് ദിവസം മുൻപ് നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി ഏറ്റുവാങ്ങി.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെ അവിസ്മരണീയ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ഇതോടെ ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. അവാർഡ് വേദിയിൽ, ടോവിനോ തോമസിനെയും ആസിഫ് അലിയെയും കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. ‘ഒരു മില്ലിമീറ്റർ പോലും പിന്നിലല്ല’ എന്നായിരുന്നു സഹതാരങ്ങളെക്കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിനന്ദനം.

Content  Highlight: Mammootty started Annadanam at the temple

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.