| Friday, 28th March 2025, 8:46 am

പുതിയ ആളുകള്‍ വന്നിട്ട് കാര്യമില്ല, കഥയില്‍ എന്തെങ്കിലും പുതുമ ഉണ്ടെങ്കിലേ ചെയ്യാന്‍ തോന്നുള്ളൂ, ആ സിനിമ അങ്ങനെ ചെയ്യുന്നതാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന നടന്‍. അരനൂറ്റാണ്ടിലധികമായി മലയാളികളെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങളില്ല. കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരത്തിന് കിട്ടാത്ത അവാര്‍ഡുകളില്ല. കരിയറിന്റെ പുതിയ ഘട്ടത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിപ്പിടിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടന്‍.

തന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. പുതിയ ആളുകള്‍ ഒരുപാട് വരുന്നുണ്ടെന്നും അവരുടെ കൈയില്‍ കഥകളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ എല്ലാ സിനിമയും ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും വ്യത്യസ്തമായിട്ടുള്ള എന്തെങ്കിലും ആ കഥയില്‍ വേണമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. സ്ഥിരം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ആ സിനിമ ചെയ്യാന്‍ തോന്നുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു.

അത്തരത്തില്‍ താന്‍ ചെയ്ത സിനിമയാണ് ബസൂക്കയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കൊമേഷ്‌സ്യല്‍ സിനിമകള്‍ക്കുള്ള എല്ലാ ഘടകങ്ങളുണ്ടെങ്കിലും അതിന്റെ ട്രീറ്റമെന്റ് മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും മമ്മൂട്ടി പറയുന്നു. അതുകൊണ്ടാണ് ആ സിനിമക്ക് വേണ്ടി ഡേറ്റ് കൊടുത്തതെന്നും നല്ല സിനിമയാകുമെന്ന പ്രതീക്ഷയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

‘പുതിയ ആളുകള്‍ ഒരുപാട് വരുന്നുണ്ട്. അവരുടെ കൈയിലെല്ലാം കഥകളുണ്ട്. എല്ലാം ചാടിക്കേറി ചെയ്യാന്‍ പറ്റില്ലല്ലോ. അതില്‍ വ്യത്യസ്തമായിട്ടുള്ള എന്തെങ്കിലും വേണം. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ ഓക്കെ പറയുള്ളൂ. അതായത്, നമ്മള്‍ സ്ഥിരം ചെയ്യുന്ന കാര്യത്തില്‍ നിന്ന് മാറി ചിന്തിക്കുന്ന തരത്തിലുള്ള ഒന്ന് ആ സ്‌ക്രിപ്റ്റില്‍ വേണം.

അങ്ങനെ ചെയ്ത സിനിമയാണ് ബസൂക്ക. ആ പടത്തില്‍ ഒരു കൊമേഷ്‌സ്യല്‍ സിനിമക്ക് വേണ്ട എല്ലാ കാര്യങ്ങളുമുണ്ടെങ്കില്‍ പോലും അതിന്റെ ട്രീറ്റ്‌മെന്റും കഥ പറയുന്ന രീതിയും കുറച്ച് ഡിഫറന്റാണ്. ആ കാരണം കൊണ്ടാണ് ഞാന്‍ ഓക്കെ പറഞ്ഞത്. നല്ല ക്രൂവും കാര്യങ്ങളുമൊക്കെയാണ്. നല്ല പടമാകുമെന്ന് തന്നെയാണ് പ്രതീക്ഷ,’ മമ്മൂട്ടി പറഞ്ഞു.

നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കാണ് ബസൂക്കയുടെ ഏറ്റവും വലിയ അട്രാക്ഷന്‍. തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഏപ്രില്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammootty says why he choose Bazooka movie

We use cookies to give you the best possible experience. Learn more