വീട്ടുകാരോടൊഴിച്ച് എല്ലാവരോടും ഞാൻ അവസരം ചോദിച്ചിട്ടുണ്ട്; എങ്ങനെയെങ്കിലും ഇതിനകത്ത് കയറുക എന്നൊരാഗ്രഹം മാത്രമായിരുന്നു: മമ്മൂട്ടി
Malayalam Cinema
വീട്ടുകാരോടൊഴിച്ച് എല്ലാവരോടും ഞാൻ അവസരം ചോദിച്ചിട്ടുണ്ട്; എങ്ങനെയെങ്കിലും ഇതിനകത്ത് കയറുക എന്നൊരാഗ്രഹം മാത്രമായിരുന്നു: മമ്മൂട്ടി
നന്ദന എം.സി
Wednesday, 4th March 2026, 11:50 am

മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് മമ്മൂട്ടി. അഞ്ചര പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിൽ വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ അദ്ദേഹം സൃഷ്ടിച്ച അതുല്യമായ പാത മലയാള സിനിമയ്ക്ക് അഭിമാനകരമാണ്. കാതലിലെ മാത്യുവായും, കളങ്കാവലിലെ സ്റ്റാൻലിയായും, ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായും പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടി ഇന്നും അഭിനയ വൈവിധ്യത്തിന്റെ പ്രതീകമായി തുടരുന്നു.

അടുത്തിടെ കൊച്ചിയിൽ നടന്ന സംവിധായകൻ ടി. വി. ചന്ദ്രനെ ആദരിക്കുന്നചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാലോകത്ത് 50 വർഷം പൂർത്തിയാക്കിയ ടി.വി. ചന്ദ്രന്റെ സിനിമകളിൽ മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങൾ പിറന്നിട്ടുണ്ട്. ഡാനി, പൊന്തൻമാട, ഓർമകൾ ഉണ്ടായിരിക്കണം എന്നിവയാണ് ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.

മമ്മൂട്ടി, ടി.വി.ചന്ദ്രൻ, Photo: YouTube/ Screengrab

‘എന്നെ കുറിച്ച് എന്തെല്ലാം പറയുമെന്നു കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. മമ്മൂട്ടി അഹങ്കാരിയാണ്, ഷൂട്ട് ചെയ്യാൻ വന്നില്ല, മൂന്നു ദിവസം ഞങ്ങൾ കാത്തിരുന്നു എന്നെല്ലാം പറയുമെന്ന് കരുതി. പക്ഷേ അങ്ങനെയൊന്നും ആരും പറഞ്ഞില്ല. വളരെ സന്തോഷം.’

ടി വി ചന്ദ്രനൊക്കെ ഞാൻ സിനിമ ആഗ്രഹിച്ചിരുന്ന കാലത്ത് കണ്ടിരുന്ന ഏറ്റവും വലിയ വിപ്ലവകാരിയായ ഒരാളാണ്. ശരീരത്തിലെ മുഴുവൻ രോമങ്ങളും പ്രദർശിപ്പിച്ചായിരുന്നു അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. അന്നത്തെ ആളുകൾക്ക് അതൊക്കെ ഒരു പുച്ഛമായി തോന്നിയിരുന്നു. ഇന്നൊക്കെയായിരുന്നെങ്കിൽ വളരെ കൊട്ടിഘോഷിക്കുന്ന സിനിമകളായിരിക്കും അവയെല്ലാം.

പൊന്തൻമാട, Photo: YouTube/ Screengrab

അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘കബനീനദി ചുവന്നപ്പോൾ’ അന്നത്തെ കാലത്ത് വിപ്ലവകാരികളെ കുറിച്ചുള്ള ഒരു സിനിമയായിരുന്നു. ആ സിനിമ തന്നെ ഒരു വിപ്ലവമായിരുന്നു. ആ സമയം ഞാനൊരു വിദ്യാർത്ഥിയായിരുന്നു . അദ്ദേഹത്തെ വളരെ ആരാധനയോടെ നോക്കുകയും ചെയ്യുമായിരുന്നു.

എന്റെ സീനിയർ ആയിട്ട് പഠിച്ച പവിത്രൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. പവിത്രൻ വഴി എന്തെങ്കിലും ഒരു ചാൻസ് കിട്ടുമോയെന്ന് ശ്രമിക്കാതിരുന്നില്ല. എന്നാൽ അതൊന്നും ശെരിയായില്ല. ഞാൻ ചാൻസിന് വേണ്ടി സമീപിക്കാത്ത ആൾക്കാർ ആരുമില്ല. എന്റെ വീട്ടിലുള്ളവർ ഒഴിച്ച് എല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്.

എങ്ങനെയെങ്കിലും ഇതിനകത് കയറി പറ്റുക എന്നൊരു ആഗ്രഹത്തിന് പുറത്താണ് അന്നത്തെ കാലത്ത് ഞാൻ സിനിമകൾ കാണുന്നത് തന്നെ. എന്നെ എന്നാണ് ഇതിൽ കാണാൻ സാധിക്കുക എന്നൊരാഗ്രഹമായിരുന്നെനിക്ക്,’ മമ്മൂട്ടി പറഞ്ഞു.

ഇന്ന് മലയാളികൾക്ക് അഭിമാനത്തോടെ പറയാവുന്ന താരമായി മാറിയ മമ്മൂട്ടിയുടെ ഈ വാക്കുകൾ, അദ്ദേഹത്തിന്റെ പരിശ്രമവും സമർപ്പണവും വീണ്ടും ഓർമിപ്പിക്കുന്നവയാണ്. കഠിനാധ്വാനവും സ്വപ്നങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹവുമാണ് മമ്മൂട്ടിയെ ഇന്ന് കാണുന്ന ഈ നിലയിലേക്കെത്തിച്ചതെന്നതിൽ യാതൊരു സംശയവുമില്ല.

Content Highlight: Mammootty says that his dream was to act in films and he has asked everyone for a chance to do so.

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.