| Friday, 17th May 2024, 9:06 pm

അള്ളാ, ഇത് ബിലാലിക്കയല്ലേ; വൈറലായി മമ്മൂക്കയുടെ ടര്‍ബോ പ്രൊമോ സോങ് സ്റ്റില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ലൊക്കേഷന്‍ സ്റ്റില്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോ സോങ് സ്റ്റില്ലാണ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്. ബ്ലാക്ക് ഹുഡി ജാക്കറ്റും ബാഗി പാന്റ്‌സുമാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം.

കഴുത്തില്‍ കുരിശിന്റെ ലോക്കറ്റുള്ള ചെയിനുമിട്ട് കസേരയില്‍ ഇരിക്കുന്ന താരത്തിന്റെ സ്റ്റില്ല് കണ്ടതോടെ ഇത് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ അല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ജുന്‍ അശോകന്‍ ‘കമിങ് സൂണ്‍’ എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയുടെ മറ്റൊരു ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതും ഇപ്പോള്‍ വൈറലാണ്.

ഇപ്പോള്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ മാസ് ആക്ഷന്‍ കോമഡി ചിത്രം കൂടെയാണിത്. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ടര്‍ബോ.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മെയ് 23ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന്റെ ആഡ്വാന്‍സ് ബുക്കിങ്ങ് ഇന്ന് ആരംഭിച്ചിരുന്നു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം കൊണ്ട് ലോകമെമ്പാടും ഒരു കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Mammootty’s Turbo Promo Song Stills Goes Viral

Latest Stories

We use cookies to give you the best possible experience. Learn more