തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ കളങ്കാവലിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. അന്യഭാഷയിലെ സിനിമാപേജുകളെല്ലാം കളങ്കാവലിനെയും മമ്മൂട്ടിയുടെ പ്രകടനത്തെയും അഭിനന്ദിക്കുന്ന പോസ്റ്റുകളെല്ലാം വൈറലായിക്കഴിഞ്ഞു. വിനായകന്‍ നായകനായി വേഷമിട്ട ചിത്രത്തില്‍ സ്റ്റാന്‍ലി ദാസെന്ന വില്ലനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
സയനൈഡ് മോഹന്‍ എന്ന സൈക്കോ കില്ലറുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംവിധായകന്‍ സ്റ്റാന്‍ലി എന്ന കഥാപാത്രത്തിന് രൂപം നല്‍കിയത്. എല്ലാവരുടെയും മുന്നില്‍ മാന്യനെന്ന് തോന്നിക്കുന്ന എന്നാല്‍ ഉള്ളില്‍ വലിയൊരു മൃഗത്തെ കൊണ്ടുനടക്കുന്നയാളാണ് സ്റ്റാന്‍ലി. ഓരോ സ്ത്രീകളെയും വശീകരിച്ച് അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം സയനൈഡ് നല്‍കി കൊല്ലുന്ന രംഗമെല്ലാം മമ്മൂട്ടി ഗംഭീരമാക്കി.
കളങ്കാവല്‍ Photo: Screen grab/ Mammootty Kampany
20ലധികം സ്ത്രീകളെ കൊന്നയാളാണ് കളങ്കാവലിലെ സ്റ്റാന്‍ലി. ഓരോ തവണയും സ്ത്രീകളെ കൊല്ലുമ്പോള്‍ ഇരയെ ഇല്ലാതാക്കുന്ന സമയത്ത് വേട്ടക്കാരന്റെ മുഖത്ത് തെളിയുന്ന നിഗൂഢമായ ചിരി സ്റ്റാന്‍ലി പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ഇത്രയും സ്ത്രീകളെ കൊല്ലുമ്പോള്‍ തോന്നിയതിനെക്കാള്‍ ഇരട്ടി ദേഷ്യം സിനിമയിലെ ഒരു സീനില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് തോന്നുന്നുണ്ട്.
സയനൈഡ് ഉപയോഗിച്ച് ആളുകളെ കൊല്ലാമെന്ന് അറിയുന്ന സ്റ്റാന്‍ലി അത് പരീക്ഷിക്കാന്‍ തീരുമാനിക്കുന്ന രംഗമുണ്ട്. കുറച്ച് സയനൈഡ് ഒപ്പിച്ച ശേഷം അത് ഭക്ഷണത്തില്‍ കലര്‍ത്തി വഴിയരികിലെ ഭിക്ഷക്കാരന് സ്റ്റാന്‍ലി കൊടുക്കുന്നുണ്ട്. അയാള്‍ ആര്‍ത്തിയോടെ കഴിക്കുന്നത് സ്റ്റാന്‍ലി നോക്കി നില്‍ക്കുകയാണ്. പിന്നീട് അവിടന്ന് കാറെടുത്ത് പോകുന്ന സ്റ്റാന്‍ലി കുറച്ചുകഴിഞ്ഞ് തിരിച്ചുവരുന്ന രംഗമുണ്ട്.
കളങ്കാവല്‍ Photo: Screen grab/ Mammootty Kampany
മരിച്ച് കിടക്കുന്ന ഭിക്ഷക്കാരനെ ചവിട്ടി അയാള്‍ മരിച്ചെന്ന് ഉറപ്പുവരുത്തുകയാണ് സ്റ്റാന്‍ലി ദാസ്. താനൊരുക്കിയ കെണി കറക്ടാണോ എന്ന് പരിശോധിക്കുന്ന വേട്ടക്കാരന്റെ മനോനിലയാണ് ഈ സീനില്‍ സ്റ്റാന്‍ലി എന്ന കഥാപാത്രത്തിന്. ഒരു പ്രകോപനവുമുണ്ടാക്കാത്ത പാവം മനുഷ്യനെ കൊല്ലുന്നതിലൂടെ സാധാരണ വില്ലനല്ല ഇയാളെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുന്നുണ്ട്.
ഇരയാക്കിയ ഓരോ സ്ത്രീയും മരിച്ചോ എന്ന് നോക്കുന്ന സ്റ്റാന്‍ലിയില്‍ അവസാനം വരെ വേട്ടക്കാരന്റെ മാനറിസം നിറഞ്ഞ് നില്‍ക്കുന്നുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ പല അടവും സ്റ്റാന്‍ലി പയറ്റുകയും ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ നത്തുമായുള്ള ഫൈറ്റിലും അയാളിലെ വേട്ടക്കാരന്‍ ഇല്ലാതാകുന്നില്ല.
420ലധികം സിനിമകള്‍ ചെയ്ത മമ്മൂട്ടി പുതിയ ചിത്രം ചെയ്യുമ്പോള്‍ അതിലെന്ത് പുതുമ എന്നാണ് ആരാധകര്‍ നോക്കുന്നത്. കാതല്‍, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം എന്നീ സിനിമകളുടെ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് കളങ്കാവല്‍. അയാളിലെ നടന്‍ ഇനിയും വിസ്മയിപ്പിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Mammootty’s brilliant acting in Kalamkaval movie