| Friday, 7th March 2025, 11:02 pm

മമ്മൂട്ടി ചേട്ടന് ഒ.ടി.ടിയിലും കയ്യടികള്‍; രേഖാചിത്രത്തിലൂടെ തിളങ്ങുന്ന ട്വിങ്കിള്‍ സൂര്യ

വി. ജസ്‌ന

ഈ വര്‍ഷം ആസിഫ് അലി നായകനായി എത്തി മികച്ച വിജയം നേടിയ സിനിമയായിരുന്നു രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമ ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.

ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു. 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു രേഖാചിത്രത്തിന്റെ കഥ.

തിയേറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമക്ക് ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചും കഥയുടെ കെട്ടുറപ്പിനെ കുറിച്ചും ഡയറക്ടര്‍ ബ്രില്യന്‍സിനെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

രേഖാചിത്രം ഒ.ടി.ടിയില്‍ വന്നതോടെ ഏറെ ചര്‍ച്ചയാകുന്നത് ട്വിങ്കില്‍ സൂര്യ എന്ന വ്യക്തി കൂടിയാണ്. സിനിമയില്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കാതോട് കാതോരം സിനിമയുടെ സമയത്തുള്ള മമ്മൂട്ടിയെ കൊണ്ടുവന്നിരുന്നു.

പല വമ്പന്‍ ബജറ്റ് ചിത്രങ്ങള്‍ക്കും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന എ.ഐ സാങ്കേതികവിദ്യയെ അതിഗംഭീരമായാണ് രേഖാചിത്രം ഉപയോഗിച്ചത്. സിനിമയില്‍ മമ്മൂട്ടിയുടെ ബോഡി ഡബിളായി വേഷമിട്ടത് ട്വിങ്കിള്‍ സൂര്യയായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിയായ അദ്ദേഹം മമ്മൂട്ടിയുമായുള്ള രൂപസാദൃശ്യം കാരണം മുമ്പേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലും മറ്റും മമ്മൂട്ടിയുടെ ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വീഡിയോസ് ചെയ്യുന്ന വ്യക്തി കൂടെയാണ് ട്വിങ്കിള്‍ സൂര്യ.

ഈ വീഡിയോസ് ഒരു സുഹൃത്തിലൂടെ സംവിധായകന്‍ ജോഫിന് ടി. ചാക്കോയുടെ മുന്നില്‍ എത്തിയതോടെയായിരുന്നു അദ്ദേഹം ഈ സിനിമയിലേക്ക് എത്തുന്നത്. എ.ഐ സാങ്കേതികവിദ്യ കൊണ്ട് രേഖാചിത്രത്തിലെ മമ്മൂട്ടി ചേട്ടന്‍ എന്ന കഥാപാത്രത്തിന്റെ മുഖത്ത് മാത്രമേ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമായിരുന്നുള്ളൂ.

അതോടെ ശരീരത്തില്‍ മമ്മൂട്ടിയുമായി സാമ്യത വരുത്താന്‍ വേണ്ടി 90 കിലോയോളം ഉണ്ടായിരുന്ന തന്റെ ശരീരഭാരം ട്വിങ്കിള്‍ സൂര്യ 80 കിലോയിലേക്ക് എത്തിക്കുകയായിരുന്നു. ഒരൊറ്റ മാസത്തിനുള്ളില്‍ കഠിനമായ വ്യായാമവും ഭക്ഷണക്രമീകരണവും നടത്തി അദ്ദേഹം മമ്മൂട്ടിയുടെ ശരീരഭാഷയും ആംഗ്യങ്ങളും പരിശീലിക്കുകയും ചെയ്തു.

ഒടുവില്‍ രേഖാചിത്രം തിയേറ്ററില്‍ എത്തിയതോടെ മമ്മൂട്ടി ചേട്ടനെ കൊണ്ടുവന്ന സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്ക് നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ഒ.ടി.ടിയില്‍ എത്തിയതോടെ ആ കയ്യടിക്ക് കുറവുകളൊന്നും സംഭവിച്ചതുമില്ല.

Content Highlight: Mammootty’s body Double Twinkle Surya In Rekhachithram Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more