സ്‌റ്റേറ്റ് അവാര്‍ഡില്‍ റെക്കോഡിട്ടു, ഇനി ലക്ഷ്യം ഫിലിംഫെയറും നാഷണല്‍ അവാര്‍ഡും, 2026 തൂക്കാന്‍ മമ്മൂട്ടി
Malayalam Cinema
സ്‌റ്റേറ്റ് അവാര്‍ഡില്‍ റെക്കോഡിട്ടു, ഇനി ലക്ഷ്യം ഫിലിംഫെയറും നാഷണല്‍ അവാര്‍ഡും, 2026 തൂക്കാന്‍ മമ്മൂട്ടി
അമര്‍നാഥ് എം.
Sunday, 15th February 2026, 7:17 am

74ാം വയസിലും ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. കൊവിഡിന് ശേഷം തന്നിലെ നടനെ തേച്ചുമിനുക്കിക്കൊണ്ടാണ് മമ്മൂട്ടി ഓരോ കഥാപാത്രങ്ങളെയും തെരഞ്ഞെടുക്കുന്നത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍സ്റ്റാറും ചെയ്യാന്‍ ധൈര്യപ്പെടാത്ത തരത്തിലുള്ള വേഷങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുകയാണ് മമ്മൂട്ടി. അതിന്റെ ഫലമായി നിരവധി പുരസ്‌കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തുന്നുണ്ട്.

നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചു. ഇതോടെ ഏറ്റവുമധികം തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടനായി മമ്മൂട്ടി മാറി. ഏഴ് തവണയാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനായി മാറിയത്. എന്നാല്‍ ഏഴാമത്തെ സ്റ്റേറ്റ് അവാര്‍ഡ് വെറും സാമ്പിളാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.

ഈ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡ് ലിസ്റ്റില്‍ അവസാന റൗണ്ടില്‍ മമ്മൂട്ടിയുടെ പേരുമുണ്ട്. ഭ്രമയുഗത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ അവസാന റൗണ്ടിലെത്തിച്ചത്. മലയാളത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റില്‍ പൃഥ്വിരാജാണ് മമ്മൂട്ടിയുടെ പ്രധാന എതിരാളി. ആടുജീവിതത്തിലെ നജീബാണോ അതോ ഭ്രമയുഗത്തിലെ പോറ്റിയാണോ ഫിലിംഫെയറില്‍ തിളങ്ങുക എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇന്നാണ് ഫിലിംഫെയര്‍ അവാര്‍ഡ് പ്രഖ്യാപനം.

ഇന്നും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കരിയറിലെ 16ാമത് ഫിലിംഫെയര്‍ അവാര്‍ഡ് മമ്മൂട്ടിയുടെ ഷെല്‍ഫിലെത്തും. ഏറ്റവുമധികം ഫിലിംഫെയര്‍ അവാര്‍ഡെന്ന റെക്കോഡില്‍ അമിതാഭ് ബച്ചനൊപ്പമെത്താനും മമ്മൂട്ടിക്ക് സാധിക്കും. കൊടുമണ്‍ പോറ്റിയുടെ ലക്ഷ്യം ഇതൊന്നുമായിരിക്കില്ലെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ മികച്ച നടനായി മമ്മൂട്ടിയെ തന്നെ തെരഞ്ഞെടുക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. രാഷ്ട്രീയമൊന്നും കളിക്കാതെ മികച്ച നടനായി മമ്മൂട്ടി മാറിയാല്‍ ദേശീയ അവാര്‍ഡിന്റെ ലിസ്റ്റിലും താരം ഒന്നാമതെത്തും. നിലവില്‍ മൂന്ന് വട്ടമാണ് മമ്മൂട്ടി ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. നാലാമത്തെ നാഷണല്‍ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കി ചരിത്രമെഴുതുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഈ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡിലും മമ്മൂട്ടി തിളങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

പൊന്മാനിലെ പ്രകടനവുമായി ബേസില്‍ ജോസഫും റോന്തിലെ പ്രകടനം കൊണ്ട് ദിലീഷ് പോത്തനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുമായി കുഞ്ചാക്കോ ബോബനുമുണ്ടെങ്കിലും അതിനെല്ലാം ചെക്ക് വെക്കാന്‍ മമ്മൂട്ടിയുടെ സ്റ്റാന്‍ലിയും അവസാന റൗണ്ടില്‍ എല്ലാവര്‍ക്കും വെല്ലുവിളിയുയര്‍ത്തുമെന്ന് ഉറപ്പാണ്.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പദ്മഭൂഷണ്‍ സ്വന്തമാക്കി മമ്മൂട്ടി സിനിമാപ്രേമികളെ സന്തോഷത്തിലാക്കിയിരുന്നു. പദ്മഭൂഷണും ഫിലിംഫെയറും ദേശീയ അവാര്‍ഡുമെല്ലാം നേടി 2026 മൊത്തമായി മമ്മൂട്ടി തൂക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Mammootty on the final list of Filmfare award

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം