| Saturday, 6th December 2025, 9:26 pm

'ഫാല്‍ക്കെ അവാര്‍ഡ് നേടിയ പ്രിയപ്പെട്ട ലാലുവിന്': ഇച്ചാക്കയുടെ വക സ്‌നേഹ സമ്മാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് നടന്‍ മമ്മൂട്ടി. ഇരുവരും ഒന്നിക്കുന്ന പാട്രിയേറ്റിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് മോഹന്‍ലാലിനെ ആദരിച്ചത്.

മമ്മൂട്ടി തന്നെയാണ് പൊന്നാടയണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഫാല്‍ക്കെ അവാര്‍ഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്‌നേഹപൂര്‍വം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മമ്മൂട്ടി പൊന്നാട അണിയിച്ചതിന് പിന്നാലെ മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും പൊന്നാടയണിയിച്ച് മോഹന്‍ലാലിനെ ആദരിക്കുന്നത് കാണാം.

View this post on Instagram

A post shared by Mammootty (@mammootty)

മോഹന്‍ലാലും മമ്മൂട്ടിയും നീണ്ട പതിനേഴ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി വന്‍താരനിര അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടിന് സിനിമയുടെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഷൂട്ടിലാണ്. ഇടക്കാലത്ത് മമ്മൂട്ടിക്ക് ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു. താരം തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും ചിത്രീകരണം ആരംഭിച്ചു.

ശീലങ്ക, കൊച്ചി, ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായി പാട്രിയറ്റിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. വന്‍ ബജറ്റില്‍ പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. 2026 ഏപ്രിലില്‍ വിഷു റിലീസലായ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Mammootty honours Mohanlal with a gold medal for winning the Dadasaheb Phalke Award

We use cookies to give you the best possible experience. Learn more