| Monday, 23rd June 2025, 8:13 am

ചെറിയ കാര്യത്തിന് പോലും മമ്മൂക്ക ചൂടാകും; ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1982ൽ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച നടനാണ് ഇടവേള ബാബു. ആ സിനിമയിൽ അഭിനയിച്ചതോടെ അമ്മനത്ത് ബാബു ചന്ദ്രൻ എന്ന യഥാർത്ഥ പേര് മാറ്റി ഇടവേള ബാബു എന്നാക്കി മാറ്റുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ ചെറിയ റോളുകളിലൂടെ അദ്ദേഹം സിനിമയിൽ സജീവമായി. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു.

മലയാളസിനിമയിലെ ലെജന്റുകളുമായി അടുത്തിടപഴകാൻ തനിക്ക് സാധിച്ചെന്നും അതാണ് തൻ്റെ സമ്പാദ്യമെന്നും ഇടവേള ബാബു പറയുന്നു. മമ്മൂട്ടിയേയും മോഹൻലാലിനെയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു കട്ടൻ ചായ മതി മമ്മൂട്ടിയെ തണുപ്പിക്കാനെന്ന് ഇടവേള പറയുന്നു.

താരനിശ നടക്കുമ്പോൾ സംഘാടകരോട് ആദ്യമേ ചായയുടെ കാര്യം പറഞ്ഞേൽപ്പിക്കുമെന്നും അഥവാ താൻ അക്കാര്യം മറന്നുപോയാൽ ‘ഒരു ചായ വരുത്തിക്കാനുള്ള സ്വാധീനം പോലും നിനക്കില്ലേ’ എന്ന് മമ്മൂട്ടി ചോദിക്കുമെന്നും നടൻ പറയുന്നു.

മമ്മൂട്ടിയും താനും അമ്മയുടെ സ്ഥാനത്ത് ഇരുന്ന സമയത്ത് ചെറിയ കാര്യത്തിന് പോലും ചൂടാകുമെന്നും അപ്പോൾ ഇനി മുന്നോട്ട് പോകില്ലെന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും ഇടവേള പറഞ്ഞു.

തനിക്ക് അടുപ്പമുള്ളവരോട് മാത്രമാണ് വഴക്കിടുന്നത് എന്നാണ് മമ്മൂട്ടി അതിന് ഉത്തരം തന്നതെന്നും നടൻ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു ഇടവേള ബാബു.

‘കാൽ നൂറ്റാണ്ടുകളായി മലയാളസിനിമയിലെ ലെജന്റുകളുമായി അടുത്തിടപഴകാനും അവരോട് സൗഹൃദം സൂക്ഷിക്കാനുമായി. മധുസാർ, ഷീലാമ്മ, ശാരദാമ്മ, ജയഭാരതി ചേച്ചി മുതൽ ഒരുപാടു പ്രഗത്ഭർ. അതാണെൻ്റെ സമ്പാദ്യം.

മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റുന്നെന്നു പലരും ചോദിച്ചിട്ടുണ്ട്. രണ്ടുപേരെയും കംഫർട്ടബിൾ ആക്കി നിർത്തിയാൽ മതി.
ഒരു കട്ടൻചായ മതി മമ്മൂക്കയെ കൂൾ ആക്കാൻ. താരനിശയൊക്കെ നടക്കുമ്പോൾ സംഘാടകരോട് ആദ്യമേ ഇത് പറഞ്ഞേൽപ്പിക്കും. പൊടിയിടാതെ ഡിപ് ചെയ്ത് എടുക്കുന്ന മധുരം ചേർക്കാത്ത ചൂടു കട്ടൻചായയാണ് ഇഷ്ടം. മമ്മൂക്ക വന്നാൽ ചോദിക്കുന്നത് ഇങ്ങനെയാണ്, ‘നിന്റെ സ്വാധീനം ഉപയോഗിച്ച് ഒരു കട്ടൻചായ കിട്ടാൻ വഴിയുണ്ടോ’ എന്നാണ്.

അഥവാ ഞാൻ അത് സംഘാടകരോട് പറഞ്ഞു റെഡിയാക്കിയിട്ടില്ലെങ്കിൽ ‘ഒരു ചായ വരുത്തിക്കാനുള്ള സ്വാധീനം പോലും നിനക്കില്ലേ’ എന്ന ചോദ്യം വരും.
മമ്മൂക്ക ജനറൽ സെക്രട്ടറിയും ഞാൻ സെക്രട്ടറിയുമായി ഒരു സമയം ഇരുന്നിട്ടുണ്ട്. ചിലപ്പോൾ ചെറിയ കാര്യത്തിന് പോലും അദ്ദേഹം ചൂടാകും. ഒരു ദിവസം ഞാൻ പറഞ്ഞു, ‘നമ്മൾ തമ്മിൽ മുന്നോട്ട് പോകില്ല’ എന്ന്. മമ്മൂക്കയുടെ മറുപടി ഇങ്ങനെയായിരുന്നു ‘എനിക്ക് അടുപ്പമുള്ളവരുടെ അടുത്തേ ഞാൻ വഴക്കിടാറുള്ളൂ. അതിലൊരാളാണു ബാബു’ എന്ന്,’ ഇടവേള ബാബു പറയുന്നു.

Content Highlight: Mammootty gets angry even over small things, his reply when we talked about this says Edavale Babu

We use cookies to give you the best possible experience. Learn more