വാള്‍ട്ടറില്‍ 'ബിലാലി'നെ അന്വേഷിച്ചാല്‍ നിരാശപ്പെടും; ഇത് കൊച്ചിയുടെ മറ്റൊരു ഫ്രീക്കന്‍
Movie Day
വാള്‍ട്ടറില്‍ 'ബിലാലി'നെ അന്വേഷിച്ചാല്‍ നിരാശപ്പെടും; ഇത് കൊച്ചിയുടെ മറ്റൊരു ഫ്രീക്കന്‍
ആര്യ. പി
Saturday, 24th January 2026, 6:00 pm

2026ലെ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹിറ്റിലേക്കുള്ള യാത്രയിലാണ് ‘ചത്താ പച്ച’. ചിത്രത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷം പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ‘വാള്‍ട്ടര്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഏറെയായിരുന്നു.

ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കഥാപാത്രത്തിന് മാസ്സ് ഹീറോ പരിവേഷമായിരുന്നു സംവിധായകന്‍ നല്‍കിയത്.

60 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു തനി ഫോര്‍ട്ട് കൊച്ചിക്കാരനാണ് വാള്‍ട്ടര്‍. പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും,  വസ്ത്രധാരണത്തിലും ഹെയര്‍ സ്‌റ്റൈലിലും വാള്‍ട്ടര്‍ പുലര്‍ത്തുന്ന പുതുമയുണ്ട്.

കൊച്ചിയിലെ തെരുവുകളില്‍ കാണാറുള്ള സ്‌റ്റൈലിഷ് ആയ മുതിര്‍ന്ന വ്യക്തികളുടെ പ്രതിനിധിയായാണ് വാള്‍ട്ടറെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വാള്‍ട്ടറിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഓരോ കാര്യവും ഫണാണ്. തന്റെ യൗവനകാലത്ത് കളര്‍ഫുള്‍ ആയ ജെട്ടി ധരിച്ച് ഫൈറ്റ് ചെയ്തിരുന്ന വ്യക്തിയാണ് വാള്‍ട്ടര്‍. അത്തരത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സംവിധായകന്‍ വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തത്.

അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രമായ ‘ബിലാലിനെ’ വാള്‍ട്ടറില്‍ തിരയുന്ന പ്രേക്ഷകര്‍ക്ക് നിരാശയാകും ഫലം എന്നതില്‍ സംശയമില്ല.

മലയാള സിനിമയിലെ ‘സ്‌റ്റൈലിഷ് മാസ്’ എന്ന വാക്കിന് പുതിയ നിര്‍വചനം നല്‍കിയ കഥാപാത്രമായിരുന്നു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍.

‘കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ ബിലാല്‍ പഴയ ബിലാലല്ല’ എന്ന ഒരൊറ്റ ഡയലോഗ് ഒരു തലമുറയുടെ തന്നെ ആവേശമായി മാറി. ശബ്ദഗാംഭീര്യം കൊണ്ടും പ്രകടനം കൊണ്ടും മമ്മൂട്ടി ആ കഥാപാത്രത്തിന് ഗ്ലോബല്‍ അപ്പീല്‍ തന്നെ നല്‍കി.

എന്നാല്‍ ചത്താ പച്ചയിലേക്ക് വരുമ്പോള്‍ ക്ലൈമാക്‌സിലെ മമ്മൂട്ടിയുടെ എന്‍ട്രി ആരാധകരെ ആവേശത്തിലാക്കിയെങ്കിലും, അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലാഘവത്വം നിറഞ്ഞ സമീപനം ആരാധകരെ ചെറിയ രീതിയിലെങ്കിലും നിരാശരാക്കി.

ചുരുക്കത്തില്‍, മമ്മൂക്കയുടെ മാസ്സ് ഇമേജിനെക്കാള്‍ ഉപരിയായി, കൊച്ചിയുടെ വര്‍ണ്ണാഭമായ മനസ്സുള്ള ഒരു സീനിയര്‍ ഫ്രീക്കനെയാണ് ‘വാള്‍ട്ടര്‍’ എന്ന കഥാപാത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകന് മുന്‍പില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

ഒരു തരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഒരു പരീക്ഷണം തന്നെയായിരുന്നു. പ്രേക്ഷകര്‍ പൊതുവെ മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ‘ബിലാല്‍’ മോഡല്‍ ഗൗരവമുള്ള മാസ്സ് കഥാപാത്രമല്ല വാള്‍ട്ടര്‍. അതുകൊണ്ടുതന്നെയാണ് അത്തരമൊരു വേഷം പ്രതീക്ഷിച്ചു വരുന്ന ആരാധകര്‍ക്ക് ഈ കഥാപാത്രം നിരാശ സമ്മാനിച്ചതും.

മമ്മൂട്ടി, ചത്താപച്ച പ്രെമോഷന്‍ പോസ്റ്റര്‍ Photo: Promotion Poster/Screen Grab, Instagram

മാത്രമല്ല ആ കഥാപാത്രത്തിന് തന്നെ പ്രായത്തിന്റേതായ അവശതകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ആക്ഷന്‍ സിനിമയില്‍ പ്രതീക്ഷിക്കുന്ന അമിതമായ വേഗതയോ വീര്യമോ ആ കഥാപാത്രത്തില്‍ കാണാനാവില്ല.

അതുകൊണ്ട് കൂടിയാവാം ഗംഭീരമായ ഒരു എന്‍ട്രിക്ക് ശേഷം തുടര്‍ന്നുള്ള പ്രകടനം ഒരുപക്ഷേ പ്രേക്ഷകരില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയതും.

മമ്മൂട്ടി ബിഗ് ബി സിനിമയിലെ രംഗം. Photo: Theatrical Release Poster

ചുരുക്കത്തില്‍, വാള്‍ട്ടര്‍ എന്നത് ഒരു മാസ്സ് ഹീറോ എന്നതിലുപരി, കൊച്ചിയുടെ ‘കളര്‍ഫുള്‍ സോള്‍’ ആയി കാണേണ്ട ഒരു കഥാപാത്രമാണ്. മമ്മൂക്കയുടെ മറ്റ് പവര്‍ഫുള്‍ കഥാപാത്രങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നിടത്ത് ആ കഥാപാത്രത്തിന്റെ തനിമ ആസ്വദിക്കാന്‍ കഴിയാതെ പോവുകയാണ്.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരു ‘തല്ലുമാല വൈബ്’ ആണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പുതുമുഖങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്.

Content Highlight: Mammootty Bilal Character and Waltor on Chathapacha Movie

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.