വൃദ്ധനായി ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും പെര്‍ഫെക്ഷനുള്ള വാര്‍ധക്യം ആ സിനിമയിലായിരുന്നു, വല്ലാത്ത ചലഞ്ചിങ്ങായിരുന്നു എനിക്ക്: മമ്മൂട്ടി
Malayalam Cinema
വൃദ്ധനായി ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും പെര്‍ഫെക്ഷനുള്ള വാര്‍ധക്യം ആ സിനിമയിലായിരുന്നു, വല്ലാത്ത ചലഞ്ചിങ്ങായിരുന്നു എനിക്ക്: മമ്മൂട്ടി
അമര്‍നാഥ് എം.
Tuesday, 3rd March 2026, 10:04 am

അഞ്ചര പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന അഭിനയജീവിതത്തില്‍ ചെയ്യാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ലാത്ത നടനാണ് മമ്മൂട്ടി. 75ാം വയസിലും തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന വേഷങ്ങള്‍ തേടിപ്പിടിച്ച് ചെയ്ത് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ ഈ മഹാനടന്‍. ഇനി വരാനിരിക്കുന്ന ലൈനപ്പുകളും പ്രതീക്ഷയുള്ളവയാണ്.

കഴിഞ്ഞദിവസം കൊച്ചിയില്‍ സംവിധായകന്‍ ടി.വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. സിനിമാലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകനാണ് ടി.വി. ചന്ദ്രന്‍. മലയാളസിനിമയുടെ യശസ്സ് അന്താരാഷ്ട്ര വേദികളിലെത്തിച്ച സംവിധായകരിലൊരാളാണ് ടി.വി ചന്ദ്രന്‍. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ചിലത് ടി.വി ചന്ദ്രന്റെ സിനിമകളിലായിരുന്നു. ഡാനി, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയത്.

മമ്മൂട്ടി Photo: Screen grab/ Cinehoods

തനിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പൊന്തന്‍മാടയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വൈറലായി. തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മാട എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ പ്രസംഗം ആരംഭിച്ചത്. തന്നെ വിശ്വസിച്ച് അത്തരമൊരു കഥാപാത്രം ചന്ദ്രന്‍ ഏല്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ കഥ എന്നോട് പറഞ്ഞുതീര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് മുഖത്ത് എത്രത്തോളം കറുപ്പ് അടിക്കണം എന്നായിരുന്നു. അതിന് ‘കറുപ്പൊന്നും അടിക്കണ്ട, ഇങ്ങനെ ഇരുന്നാല്‍ മതി’ എന്നായിരുന്നു ചന്ദ്രന്റെ മറുപടി. രണ്ട് കാലഘട്ടത്തിലെ മാടയുടെ ജീവിതമാണ് സിനിമയില്‍ കാണിച്ചത്. ചെറുപ്പക്കാരനായിട്ടും വൃദ്ധനായിട്ടും.

പൊന്തന്‍മാട Photo: Screen grab/ Matinee now classics

ആ സിനിമക്ക് മുമ്പ് ഒരുപാട് സിനിമകളില്‍ വൃദ്ധനായി അഭിനയിച്ചിട്ടുണ്ടെങ്കിലും പെര്‍ഫക്ഷനുള്ള വാര്‍ധക്യം പൊന്തന്‍മാടയിലായിരുന്നു. എനിക്ക് വളരെ ചാലഞ്ചിങ്ങായിട്ടുള്ള സിനിമയായിരുന്നു പൊന്തന്‍മാട. ഊര്‍ജസ്വലനായ ചെറുപ്പക്കാരനായും തീരെ വയ്യാത്ത വയോവൃദ്ധനായും അഭിനയിച്ചത് ആ സിനിമയിലായിരുന്നു,’ മമ്മൂട്ടി പറയുന്നു.

ചിത്രത്തിന്റെ ഷൂട്ട് വളരെ രസകരമായിരുന്നു ഒരുപാട് ഓര്‍മകള്‍ ആ സമയത്ത് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ചെളിയില്‍ നിന്ന് കാളയെ കൊണ്ട് പാടത്തിലൂടെ നടന്നിട്ടുണ്ടായിരുന്നെന്നും ഇന്നും അതിന്റെ ഓര്‍മകള്‍ സന്തോഷം നല്‍കുന്നുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മനുഷ്യന്റെയും മനുഷ്യത്വത്തിന്റേയും കഥയാണ് ചിത്രം പറഞ്ഞതെന്നും മമ്മൂട്ടി പറയുന്നു.

ഇന്ത്യന്‍ സിനിമയിലെ അതികായനായ സനറുദ്ദീന്‍ ഷായും പൊന്തന്‍മാടയില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. മികച്ച സംവിധായകന്‍, നടന്‍, സംഗീത സംവിധായകന്‍, ഛായാഗ്രഹണം എന്നിങ്ങനെ നാല് ദേശീയ അവാര്‍ഡുകളായിരുന്നു പൊന്തന്‍മാട നേടിയത്. മമ്മൂട്ടിയിലെ നടനെ അടയാളപ്പെടുത്തിയ പൊന്തന്‍മാട ഇന്നും പലരുടെയും ഫേവറെറ്റാണ്.

Content Highlight: Mammootty about Ponthanmada movie and his character

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം