| Saturday, 18th January 2025, 9:55 pm

അങ്ങനെ ഒരു നായകനെ മലയാളം കണ്ടിട്ടുണ്ടാവില്ല, പക്ഷെ ഇനിയും മികച്ചതാക്കാമായിരുന്നു: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ മമ്മൂട്ടി. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപത്തിമൂന്നാം വയസിലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മികച്ച നടനുള്ള നാഷണൽ അവാർഡ് മൂന്ന് വട്ടം നേടിയിട്ടുള്ള അദ്ദേഹം തന്റെ മുൻകാല ചിത്രങ്ങളായ ‘തൃഷ്ണ’യെ കുറിച്ചും ‘അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍’ എന്നിവയെ കുറിച്ച് സംസാരിക്കുകയാണ്.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും എഴുതി ഐ.വി ശശി സംവിധാനം ചെയ്ത തൃഷ്ണയിലെ കഥാപാത്രം ഇനിയും നന്നാക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നാറുണ്ടെന്നും അതുപോലെ തന്നെയാണ് പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയുമെന്നും മമ്മൂട്ടി പറഞ്ഞു. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയിലുള്ള സക്കറിയയെ പോലൊരു നായകൻ മലയാളത്തിൽ വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തൃഷ്ണ കാണുമ്പോള്‍ എനിക്കിപ്പോഴും ലജ്ജ തോന്നും. എന്നോട് തന്നെ പുച്ഛവും അവഞ്ജയുമൊക്കെ തോന്നും. അവിടെ നിന്നും ഇന്ന് ഇത്രയും വളര്‍ന്നു എന്നത് സമാധാനമാണ്. അതിനപ്പുറത്തേക്ക് എനിക്ക് ഒന്നും ആലോചിക്കാന്‍ പറ്റില്ല. കാരണം ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അഭിനയിക്കണമെന്നുള്ളൊരു ആവേശവും അഭിനയത്തോടുള്ള അതി ഭയങ്കരമായ അഭിനിവേശവും അല്ലാതെ എന്റെ കയ്യില്‍ അഭിനയം ഇല്ലായിരുന്നു.

അഭിനയമെന്ന ഈ വിദ്യ അറിയില്ല. ശരിക്കും പറഞ്ഞാല്‍ ഒരു ഞാണിന്‍മേല്‍ കളിയായിരുന്നു തൃഷ്ണ. ആ പടം ഒന്നുകൂടി അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് പിന്നീടൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. സിനിമയില്‍ ഇത്രയും പരിചയവും അതിനെ പറ്റി ഗ്രാഹ്യവുമുള്ള കാലത്ത് ആ സിനിമ അഭിനയിച്ചിരുന്നെങ്കില്‍ ആ കഥാപാത്രത്തോട് അല്‍പം കൂടി നീതി പുലര്‍ത്താന്‍ സാധിക്കുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അതുപോലെ തന്നെയാണ് പപ്പേട്ടന്റെ (പത്മരാജന്‍) അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയും. ആ സിനിമയിലെ സക്കറിയ എന്ന് പറഞ്ഞാല്‍ ഇതുവരെ അങ്ങനെ ഒരു നായകനെ മലയാളം കണ്ടിട്ടുണ്ടാവില്ല. അത് കാണുമ്പോള്‍ ഇപ്പോഴും വിഷമമാണ്. പിന്നെ ഇതൊക്കെ ഓരോ ആഗ്രഹങ്ങള്‍ കൂടിയാണ്. സക്കറിയയെ പറ്റി എനിക്ക് തോന്നിയത് ആകാശം ഇടിഞ്ഞ് സക്കറിയയുടെ നേരെ വന്നാല്‍ അദ്ദേഹം കൈ ഉയര്‍ത്തി അതിനെ അങ്ങ് താങ്ങി നിര്‍ത്തുമെന്നാണ്.

അങ്ങനെ നിര്‍ത്താന്‍ ചങ്കൂറ്റമുള്ള ആളാണ് സക്കറിയ. അങ്ങനെയൊന്നും ഒരു നായകനുണ്ടാവില്ല. ഒരുപക്ഷേ പത്ത് പേരെ ഇടിക്കുമായിരിക്കും. പക്ഷേ ഇതിന്റെയൊക്കെ ഒരു ചങ്കൂറ്റം വേണ്ടേ, എന്തിനേയും നേരിടാനുള്ള കരുത്തും ശക്തിയുമുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ ഇനിയും ഏറെ മികച്ചതാക്കാമെന്ന് തോന്നിയിട്ടുണ്ട്, ‘ മമ്മൂട്ടി കൂട്ടിച്ചേർത്തു.

Content Highlight: Mammootty About His Old Movie Actings

Latest Stories

We use cookies to give you the best possible experience. Learn more