| Wednesday, 12th March 2025, 5:41 pm

ആദ്യകാലങ്ങളില്‍ കൈയും കാലും അനക്കി അഭിനയിച്ചത് ആ ഒരു കാര്യം വരാന്‍ വേണ്ടി, ഇപ്പോള്‍ അതിന്റെ ആവശ്യമില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന നടന്‍. അരനൂറ്റാണ്ടിലധികമായി മലയാളികളെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങളില്ല. കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരത്തിന് കിട്ടാത്ത അവാര്‍ഡുകളില്ല. കരിയറിന്റെ പുതിയ ഘട്ടത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിപ്പിടിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടന്‍.

കരിയറിന്റെ തുടക്കത്തില്‍ താന്‍ അഭിനയത്തില്‍ ചെയ്തിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ആദ്യകാലങ്ങളില്‍ കൈയും കാലുമൊക്കെ അനക്കിയിട്ടാണ് ഡയലോഗ് പറഞ്ഞിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മിമിക്രിക്കാര്‍ തന്നെപ്പറ്റി കാണിക്കുന്ന കൈയനക്കല്‍ അടക്കം അതിലുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

കഥാപാത്രങ്ങളുടെ ഡയലോഗിന്റെ ഫോഴ്‌സ് കാണിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഇന്ന് അതിന്റെ ആവശ്യമില്ലെന്നും സിനിമയുടെയും പ്രേക്ഷകരുടെയും രീതിയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം 36 സിനികള്‍ ചെയ്ത സമയത്ത് കഥാപാത്രത്തിനായി വലിയ തയാറെടുപ്പുകള്‍ എടുത്തിരുന്നില്ലെന്നും എല്ലാ ദിവസവും കാണുന്ന ആളുകളെ നിരീക്ഷിച്ചാണ് അതെല്ലാം ചെയ്തിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

‘ആദ്യകാലത്ത് എന്നെപ്പറ്റി പലരും പറഞ്ഞിട്ടുള്ള കാര്യമായിരുന്നു കൈയും കാലും അനക്കി അഭിനയിക്കുകയെന്നത്. ഈ കൈ കുത്തി കൊണ്ടുള്ള ഡയലോഗ് പറയല്‍ (ആംഗ്യം കാണിച്ചുകൊണ്ട്) അതിന്റെ ഭാഗമാണ്. അന്നൊക്കെ അത് ആവശ്യമായിരുന്നു. കാരണം, കഥാപാത്രങ്ങളുടെയും ഡയലോഗിന്റെയും ഫോഴ്‌സ് കാണിക്കാന്‍ വേണ്ടിയായിരുന്നു അത്.

ഒരു വര്‍ഷം 36 പടമൊക്കെ ചെയ്ത സമയമുണ്ടായിരുന്നു. അന്നൊന്നും കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി പ്രത്യേകം സമയമൊന്നും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഇതുതന്നെയാണല്ലോ പണി. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ കാണുന്ന ആളുകളെ ഒബ്‌സര്‍വ് ചെയ്യും. അവരുടെ സ്‌റ്റൈലൊക്കെ പഠിച്ച് വെച്ച് എവിടെയെങ്കിലുമൊക്കെ പ്രയോഗിക്കും. അതായിരുന്നു പതിവ്,’ മമ്മൂട്ടി പറയുന്നു.

നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ്. ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്ക് വലിയ ചര്‍ച്ചയായിരുന്നു. ഏപ്രില്‍ 10ന് ബസൂക്ക തിയേറ്ററുകളിലെത്തും. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലും റിലീസിന് തയാറെടുക്കുന്നുണ്ട്. വിനായകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ വില്ലനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

Content Highlight: Mammootty about his mannerisms he used in Old movies

We use cookies to give you the best possible experience. Learn more