ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മമിത പ്രേമലുവിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നാലെ തമിഴില്‍ വമ്പന്‍ സിനിമകളുടെ ഭാഗമായി മാറാന്‍ താരത്തിന് സാധിച്ചു. വിജയ്‌ക്കൊപ്പമുള്ള ജന നായകനായിരുന്നു ഇതില്‍ ഏറ്റവും വലിയ ചിത്രം.

എന്നാല്‍ ജന നായകന്റെ റിലീസ് നീണ്ടുപോകുന്നത് എല്ലാവര്‍ക്കും ഒരുപോലെ തിരിച്ചടിയായി. ജന നായകന് ശേഷം മമിത കമ്മിറ്റ് ചെയ്ത മറ്റ് സിനിമകള്‍ ഇതിനോടകം പൂര്‍ത്തിയായി. ധനുഷിനൊപ്പമുള്ള കര റിലീസിന് തയാറെടുക്കുകയാണ്. ഈ വര്‍ഷം തമിഴില്‍ പ്രതീക്ഷയുള്ള പ്രൊജക്ടുകളാണ് മമിതയുടേതായി പുറത്തിറങ്ങാനുള്ളത്.

മമിത ബൈജു Photo: Screen grab/ Sudhir Srinivasan

അതിലൊന്നാണ് സൂര്യയുമൊത്തുള്ള വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് മമിത പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ മമിതയുടെ കഥാപാത്രത്തെ പലരും വിമര്‍ശിച്ചിരുന്നു. 40കാരനും 20കാരിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് മമിത.

‘സിനിമയുടെ ഏറ്റവും പ്രധാന പ്ലോട്ടുകളിലൊന്നാണ് നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം. പല സിനിമകളും ഇത്തരം വിഷയം തൊടാതെ പോകുമ്പോഴാണ് ഇവിടെ സിനിമയുടെ പ്രധാന കഥ തന്നെ അത്തരമൊരു വിഷയമാകുന്നത്. ഇതിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഫ്രഷാണല്ലോ എന്നാണ് തോന്നിയത്. ഇത്തരമൊരു കഥ എവിടെയും പറഞ്ഞിട്ടില്ല.

വിശ്വനാഥ് ആന്‍ഡ് സണ്‍സ് Photo: Theatrical poster

വെങ്കി സാറാണ് എന്നെ ആദ്യമായി വിളിച്ച് ഇങ്ങനെയൊരു കഥയുണ്ടെന്ന് പറഞ്ഞത്. ചെറിയൊരു ബ്രീഫ് മാത്രമാണ് ആ സമയത്ത് തന്നത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. ഇതുപോലൊരു കഥാപാത്രത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത്. മിസ് ചെയ്യാന്‍ പാടില്ലെന്ന് കരുതി ഉടനെ തന്നെ ഓക്കെ പറഞ്ഞു,’ മമിത പറയുന്നു.

സൂര്യയുടെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഒരുങ്ങിയത്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാഡി എന്നാണ് മമിതയുടെ കഥാപാത്രത്തിന്റെ പേര്. സമ്മര്‍ റിലീസായി പ്ലാന്‍ ചെയ്ത ചിത്രം ജൂലൈയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Mamitha Baiju about Viswanath And Sons movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ