തമിഴ് പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് സംശയിച്ചു; ഡ്യൂഡ് ഞാന്‍ കണ്ടിട്ടില്ലായിരുന്നു: മമിത ബൈജു
Malayalam Cinema
തമിഴ് പറയുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് സംശയിച്ചു; ഡ്യൂഡ് ഞാന്‍ കണ്ടിട്ടില്ലായിരുന്നു: മമിത ബൈജു
ഐറിന്‍ മരിയ ആന്റണി
Wednesday, 18th February 2026, 5:30 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ മമിത ബൈജു ഇപ്പോള്‍ സൗത്ത് ഇന്ത്യയൊട്ടാകെ തരംഗമാകുകയാണ്. 2017ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ മമിത പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തലവര മാറിയത്.

Photo: മമിത ബൈജു/ Facebook.com

ഡ്യൂഡാണ് മമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കീര്‍ത്തീശ്വരന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ചിത്രം 2025ല്‍ ദീപാവലി റിലീസായാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ വമ്പനം വിജയം നേടി. ഇപ്പോള്‍ ജെ.എഫ്.ഡബ്ല്യൂ അവാര്‍ഡ്‌സില്‍ ഡ്യൂഡ് സിനിമയെ കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

‘ഡ്യൂഡില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. ഞാന്‍ തമിഴ് പറയുന്നത് തമിഴ്മക്കള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം എനിക്ക് ആദ്യം മുതലേയുണ്ടായിരുന്നു. അതുപോലെ ഡ്യൂഡില്‍ ചെയ്തത് പോലെയൊരു ജോളിയായ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്നൊക്കെ സംശയമുണ്ടായിരുന്നു

Photo: മമിത ബൈജു/ screengrab/ x.com

അങ്ങനെ കുറെ സംശയങ്ങളുമായാണ് ഞാന്‍ ആദ്യ ദിവസം തിയേറ്ററില്‍ സിനിമ കാണാന്‍ പോയത്. അതിന് മുമ്പ് ഞാന്‍ സിനിമ കണ്ടിട്ടില്ല, ഡബ്ബിങ് സീന്‍സ് മാത്രമാണ് കണ്ടത്. തിയേറ്ററില്‍ നിന്ന് എല്ലാവരുടെയും പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. പ്രേക്ഷകരുടെ സ്‌നേഹത്തോട് എങ്ങനെ പ്രതികരിക്കണെന്ന് നമുക്ക് പെട്ടന്ന് അറിയാതെ പോകും,’ മമിത ബൈജു പറയുന്നു.

അന്ന് തിയേറ്ററില്‍ സിനിമാ കാണാന്‍ അമ്മയും തന്റെ കൂടെയുണ്ടായിരുന്നുവെന്നും അമ്മ നല്ല സന്തോഷവതിയായിരുന്നുവെന്നും മമിത പറഞ്ഞു. അമ്മയുടെ കണ്ണില്‍ തന്നെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടായിരുന്നുവെന്നും അത് കണ്ണില്‍ നോക്കിയപ്പോള്‍ തന്നെ മനസിലായെന്നും താരം പറഞ്ഞു. ഡ്യൂഡിലെ പെര്‍ഫോമന്‍സ് നന്നായിരുന്നുവെന്ന് പലരും പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും നടി കൂട്ടിച്ചേര്‍ത്തു.

മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ച ആര്‍. ശരത്കുമാര്‍, ഹൃദു ഹാരൂണ്‍, രോഹിണി, ഐശ്വര്യ ശര്‍മ, എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. പ്രദീപ് രംഗനാഥന്റെ മൂന്നാമത്തെ സിനിമയായി ഒരുങ്ങിയ ഡ്യൂഡ് ബോക്‌സ് ഓഫീസില്‍ 100 കോടി നേടിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ സിനിമകളും നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.

അതേസമയം ബത്‌ലഹേം കുടുംബ യൂണിറ്റാണ് മമിതയുടേതായി വരാനിരിക്കുന്ന മലയാള ചിത്രം. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍.

Content Highlight: Mamita Baiju on the response she received for the movie Dude

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.