ഉമര്‍ഖാലിദിന് മംദാനി അയച്ച കത്ത്; മംദാനിക്ക് പിന്തുണയുമായി പ്രിത്വിരാജ് ചവാന്‍
India
ഉമര്‍ഖാലിദിന് മംദാനി അയച്ച കത്ത്; മംദാനിക്ക് പിന്തുണയുമായി പ്രിത്വിരാജ് ചവാന്‍
നിഷാന. വി.വി
Tuesday, 6th January 2026, 2:45 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപാഹ്വാന കേസില്‍ പ്രതിചേര്‍ത്ത വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് കത്തെഴുതിയ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിക്ക് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമാണ് പ്രിത്വിരാജ് ചവാന്‍.

ഇന്ത്യന്‍ വംശജനായ വ്യക്തി എന്ന നിലയില്‍ മംദാനിക്ക് വിഷയത്തില്‍ ഇടപെടാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മംദാനിയുടെ കത്തിനെതിരെ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ചവാന്റെ പ്രതികരണം.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മംദാനിക്ക് അവകാശമില്ലെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ പുറത്തു നിന്നുള്ള ശക്തികളെ അനുവദിക്കില്ലെന്നുമായിരുന്നു ഭാട്ടിയയുടെ പ്രതികരണം.

എന്നാല്‍ മംദാനിയില്‍ ഒഴുകുന്നത് ഇന്ത്യന്‍ രക്തമാണെന്നും ഒരു ഇന്ത്യക്കാരന്‍ അനീതി നേരിടുമ്പോള്‍ ഇടപെടാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും ചവാന്‍ പറഞ്ഞു.

‘പരമോന്നതമായത് മനുഷ്യാവകാശങ്ങളാണ്. അതിനാല്‍ തന്നെ മംദാനി ഒരു കത്തെഴുതിയാല്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല,’ പ്രിത്വിരാജ് ചവാന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കിലെ ആദ്യ മുസ്‌ലിം വംശജനായ മേയറാണ് ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി.

മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അതേ ദിവസം ഉമര്‍ ഖാലിദിന്റെ സുഹൃത്ത് ബനജ്യോത്സന ലാഹിരിയാണ് മംദാനി ഉമറിന് അയച്ച കത്ത് സാമൂഹിക മാധ്യമത്തിലൂടെ പുറത്ത് വിട്ടത്.

‘പ്രിയപ്പെട്ട ഉമര്‍, ജീവിതത്തില്‍ പലപ്പോഴായി നമുക്കുണ്ടായേക്കാവുന്ന കയ്‌പേറിയ അനുഭവങ്ങള്‍ നമ്മെ സ്വയം നശിപ്പിക്കാന്‍ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള താങ്കളുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. താങ്കളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഞങ്ങള്‍ എല്ലാവരും താങ്കളെ ഓര്‍ക്കുന്നു’ മംദാനി സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു. ഉമര്‍ ഖാലിദിന്റെ മാതാപിതാക്കള്‍ ഡിസംബറില്‍ യു.എസില്‍ ഉണ്ടായിരുന്നുവെന്നും മംദാനി ഉള്‍പെടെ നിരവധി പ്രമുഖരുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ബനജ്യോത്സ്‌ന പറഞ്ഞതായി ‘ദ ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2020ലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ദല്‍ഹി കലാപം നടക്കുന്നത്. ഈ കലാപത്തിന് വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയെന്നും പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തിയെന്നടക്കമുള്ള ആരോപിച്ചാണ് ജയിലിലടച്ചത്.

അഞ്ച് വര്‍ഷത്തോളമായി ഉമര്‍ ഖാലിദ്, ഷര്‍ജീം ഇമാം അടക്കമുള്ളവര്‍ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുമര്‍ക്കുമൊഴികെ പ്രതിചേര്‍ക്കപ്പെട്ട മറ്റ് അഞ്ച് പേര്‍ക്കും ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Content Highlight: Mamdani’s letter to Umar Khalid; Prithviraj Chavan supports Mamdani

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.