ശ്രീനഗര്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ധീരയായ ‘കടുവയെന്നും അവര്‍ ഒരിക്കലും കീഴടങ്ങില്ലെന്നും വിശേഷിപ്പിച്ച് ജമ്മുകശ്മീര്‍ ഡൊമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സിയായ ഐ.പാക്കിന്റെ ഓഫീസിലും അതിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും വ്യാഴാഴ്ച ഇ.ഡി നടത്തിയ റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു മുഫ്തി.
‘ബാനര്‍ജി വളരെ ധീരയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവള്‍ ഒരു കടുവയാണ്, അവള്‍ കീഴടങ്ങാതെ ധീരയായി അവരോട് പോരാടും,’ മെഹബൂബ മുഫിതി പറഞ്ഞു.
ജമ്മു കശ്മീരില്‍ ഇ.ഡിയോ മറ്റ് അന്വേഷണ ഏജന്‍സികളോ നടത്തുന്ന ഇത്തരം സംഭവങ്ങള്‍ സാധാരണ സംഭവമായി മാറിയിട്ടുണ്ടെന്നും ഇന്നീ രാജ്യത്ത് മുഴുവന്‍ അത് തന്നെയാണ് സംഭവിക്കുന്നതെന്നുംഅവര്‍ കൂട്ടിച്ചേര്‍ത്തു.
‘ആര്‍ട്ടിക്കിള്‍ 376 റദ്ദാക്കിയപ്പോയും, റെയ്ഡുകള്‍ നടന്നപ്പോഴും മൂന്ന മുഖ്യമന്ത്രിമാരെ ജയിലിലടച്ചപ്പോഴും രാജ്യമെമ്പാടും മിക്ക രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുകയായിരുന്നു,’ മുഫ്തി വിമര്‍ശിച്ചു.
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് മെഹബൂബ മുഫ്തി, ഫാറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള തുടങ്ങിയവരെ തടങ്കലില്‍ വെച്ചതിനെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു വിമര്‍ശനം.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഏജന്‍സി ടി.എം.സിയുടെ
സെന്‍സിറ്റീവ് ഡാറ്റ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തിയത് വലിയ നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
പിന്നാലെ വിഷയത്തില്‍ പ്രതിഷേധിച്ച് അമിത് ഷായുടെ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ള ടി.എം.സി എം.പിമാരെ ദല്‍ഹി പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയി കസ്റ്റഡിയിലെടുത്തതും വന്‍ വിവാദമായിരുന്നു.
എന്നാല്‍ കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പരിശോധന നടന്നതെന്നും റെയ്ഡ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും ഇ.ഡി പറയുന്നു.
ബംഗാളില്‍ മാത്രമല്ല, ദല്‍ഹിയിലെ നാലിടത്ത് സമാനമായ കേസില്‍ റെയ്ഡ് നടന്നിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി. ബംഗാളില്‍ ആറിടത്ത് പരിശോധന നടന്നതായാണ് വിവരം.
പരിശോധന തടസപ്പെടുത്തിയതില്‍ മമതക്കെതിരെ ഇ.ഡി നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി എം.എല്‍.എയും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. മമത എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ബി.ജെ.പി ചോദിച്ചു.
Content Highlight: Mamata is a ‘brave tiger’, she will not surrender: Mehbooba Mufti
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.