| Monday, 2nd February 2026, 7:33 pm

എസ്.ഐ.ആര്‍: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദല്‍ഹിയില്‍ ലക്ഷങ്ങളെ അണിനിരത്തും; മുന്നറിയിപ്പുമായി മമത

അനിത സി

ന്യൂദല്‍ഹി: ലക്ഷക്കണക്കിന് ആളുകളെ ദല്‍ഹിയിലെത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ പരേഡ് നടത്തുമെന്ന് പശ്ചിമ ബമഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.

എസ്.ഐ.ആര്‍ മോശമായി ബാധിച്ച കുടുംബങ്ങളേയും ഒപ്പം കൂട്ടിയാണ് മമത ദല്‍ഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തിയത്. പ്രതിഷേധ സൂചകമായി കറുത്ത ഷാള്‍ അണിഞ്ഞായിരുന്നു മമതയും തൃണമൂല്‍ നേതാക്കളും കമ്മീഷനെ സന്ദര്‍ശിച്ചത്.

ഇന്ന് (തിങ്കളാഴ്ച)മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥരുമായി ബംഗാള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തി.

ബംഗാള്‍ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ എസ്.ഐ.ആര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മമത ആരോപിച്ചു.

അനധികൃത കുടിയേറ്റമുള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്ന ബി.ജെ.പി ഭരിക്കുന്ന അസമില്‍ എസ്.ഐ.ആര്‍ നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്നും മമത ബാനര്‍ജി ചോദ്യം ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തേയും ബംഗാളിനേയും അന്യായമായി ലക്ഷ്യം വെച്ചിരിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

‘മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അഹങ്കാരിയാണ്. ഇതുപോലൊരാളെ മുമ്പ് കണ്ടിട്ടില്ല. അവര്‍ നുണ പറയുകയാണ്. ഒരു കസേരയും സ്ഥിരമല്ല. ആ കസേരയെ ബഹുമാനിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു.

ഒരു ദിവസം എന്തായാലും കസേര ഉപേക്ഷിച്ച് പോകേണ്ടി വരും. മോശമായ ഒരു മാതൃക സൃഷ്ടിച്ചുകൊണ്ടായിരിക്കരുത് അത്. ബംഗാളിനെ എന്തിനാണ് തുടര്‍ച്ചയായി ലക്ഷ്യം വെയ്ക്കുന്നത്?’ മമത വാര്‍ത്താസമ്മേടളനത്തിനിടെ ചോദിച്ചു.

അതേസമയം, നിയമം കയ്യിലെടുക്കരുതെന്നും എസ്.ഐ.ആര്‍ പ്രവര്‍ത്തങ്ങള്‍ ഉള്‍പ്പടെയുള്ളവയ്‌ക്കെതിരായ നടപടികളെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി കര്‍ശനമായി നേരിടുമെന്നും ബംഗാള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി കമ്മീഷന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മമത ബാനര്‍ജിയും തൃണമൂല്‍ നേതാക്കളും ഉപയോഗിച്ചത് മോശമായ ഭാഷയും പ്രയോഗങ്ങളുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Mamata Banerjee To ECI

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more