ന്യൂദല്‍ഹി: വാരണാസിയിലെ മണികര്‍ണികാ ഘട്ടില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ മറവില്‍ മോദിയുടെ നെയിംപ്ലേറ്റ് സ്ഥാപിക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ പൈതൃകം നശിപ്പിക്കുന്നു എന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി തന്റെ കച്ചവട പങ്കാളികള്‍ക്ക് വെള്ളവും കാടും മലകളും കൈമാറിയതിന്റെ ബാക്കിപത്രമാണോ ഇത് എന്നും ഖാര്‍ഗെ ചോദിച്ചു.
ഗുപ്ത കാലഘട്ടത്തില്‍ നിര്‍മിക്കുകയും ലോകമാതാ അഹല്യഭായ് ഹോള്‍ക്കര്‍ പുനരുദ്ധാരണവും ചെയ്ത മണികര്‍ണികയുടെ പുരാതന പൈതൃകത്തെയാണ് മോദി നശിപ്പിച്ചു കളഞ്ഞത് അദ്ദേഹം പറഞ്ഞു
‘ഈ രാജ്യത്തെ ജനങ്ങള്‍ക്ക് രണ്ടു ചോദ്യങ്ങളാണുള്ളത്, രാജ്യത്തിന്റെ പൈതൃകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് നിങ്ങള്‍ക്ക് സൗന്ദര്യവല്‍ക്കരണവും പുനരുദ്ധാരണവും നടത്താന്‍ കഴിയില്ലേ? എന്തിനാണ് നിങ്ങള്‍ മണികര്‍ണിക ഘട്ടിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതിമകള്‍ നശിപ്പിച്ചത്? ഒരു മ്യൂസിയത്തില്‍ അവ സംരക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ’, അദ്ദേഹം ചോദിച്ചു.
മണികര്‍ണികയിലെ ബുള്‍ഡോസര്‍രാജ് Photo: Mallikarjun Kharge / X
ഗാന്ധിയുടെയും അംബേദ്കറുടെയുമടക്കം രാജ്യത്തെ മഹാത്മാക്കളുടെ പ്രതിമ പാര്‍ലമെന്റില്‍നിന്നും ഒരു വിദഗ്ധ അഭിപ്രായം തേടാതെ നീക്കിയത് രാജ്യം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മണികര്‍ണികയില്‍ നിന്നും നീക്കംചെയ്ത ചരിത്രപ്രാധാന്യമുള്ള വസ്തുക്കളെല്ലാം സാംസ്‌കാരികവകുപ്പ് സൂക്ഷിച്ചിട്ടുണ്ടെന്നും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തീരുന്നമുറക്ക് പുനഃസ്ഥാപിക്കുന്നതു മാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സത്യേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. നവീകരണങ്ങള്‍ ശുചിത്വം ഉറപ്പാക്കുന്നതിനും സ്ഥല പരിമിതികള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പുനരുദ്ധാരണത്തിന്റെ മറവില്‍ മുന്‍കൂര്‍ അറിയിപ്പ് കൂടാതെയാണ് ഘാട്ടിലെ അഹല്യഭായ് ഹോള്‍ക്കറുടെ വിഗ്രഹം നശിപ്പിച്ചതെന്നും ഇത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും സനാതന്‍ രക്ഷക് ദള്‍ പ്രസിഡന്റ് അജയ് ശര്‍മ്മ പി.ടി.ഐയോടുപറഞ്ഞു.
പൊളിച്ചുമാറ്റപെട്ട പ്രതിമകളില്‍ അഹല്യഭായ് ഹോള്‍ക്കറിന്റതെന്ന് വിശ്വസിക്കുന്ന ഒരു ഘടനയും ഉള്‍പ്പെട്ടതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) അലോക് കുമാര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണം നടക്കുന്നതായും പൊളിച്ചുമാറ്റിയതില്‍ ആരുടെ പ്രതിമയുണ്ടാകിലും അത് സംരക്ഷിക്കുമെന്നും എ.ഡി.എം പറഞ്ഞു.
സ്വകാര്യ കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് നടക്കുന്ന നവീകരണ പ്രവൃത്തികള്‍ക്ക് 2023 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടെങ്കിലും വെള്ളപ്പൊക്കം കാരണം മാസങ്ങളോളം നവീകരണം നിര്‍ത്തിവച്ചിരുന്നു.
Content Highlight: Mallikarjun Kharge to PM on Manikarnika Ghat development