പൃഥ്വിരാജ് വലിയ മഹാനാണെന്നല്ല ഞാന്‍ പറയുന്നത്, ആ ചിത്രത്തില്‍ അഭിനയിക്കേണ്ടവരെ തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്: മല്ലിക സുകുമാരന്‍
Malayalam Cinema
പൃഥ്വിരാജ് വലിയ മഹാനാണെന്നല്ല ഞാന്‍ പറയുന്നത്, ആ ചിത്രത്തില്‍ അഭിനയിക്കേണ്ടവരെ തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്: മല്ലിക സുകുമാരന്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 5th July 2026, 9:17 pm

ജി. അരവിന്ദന്‍ സംവിധാനം ചെയ്ത് 1974ല്‍ പുറത്തിറങ്ങിയ ഉത്രായനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് മല്ലിക സുകുമാരന്‍. അഞ്ച് പതിറ്റാണ്ടിലധികം നീളുന്ന അഭിനയജീവിതത്തില്‍ ഒട്ടനവധി കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ മല്ലിക സുകുമാരന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രകമ്പനം.

ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു മല്ലിക സുകുമാരന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയ്ക്ക് പുറത്ത് തന്റെ ശക്തമായ നിലപാടുകളിലൂടെയും മല്ലിക സുകുമാരന്‍ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ താരസംഘടനയായ എ.എം.എം.എയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലെല്ലാം താരത്തിന്റെ നിലപാടുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Photo: The Hindu

ഇപ്പോഴിതാ തന്റെ മക്കളും അഭിനേതാക്കളുമായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഇന്ദ്രജിത്തിന് പ്രധാന്യം നല്‍കിയില്ലെന്ന ആരോപണങ്ങള്‍ക്കെതിരെയായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പൃഥ്വിരാജ് വലിയ മഹാനാണെന്നല്ല പറയുന്നതെന്നും എങ്കിലും വിമര്‍ശനനമുന്നയിക്കുന്ന ആളുടെ അത്രയും മണ്ടിയല്ല താനെന്നും മല്ലിക സുകുമാരന്‍ പറയുന്നു. സ്വന്തം ജ്യേഷ്ഠന് പൃഥ്വിരാജ് ബ്രോ ഡാഡി എന്ന ചിത്രത്തില്‍ സ്ഥാനം കൊടുത്തില്ലെന്ന് പറയുന്നത് എത്ര വിഡ്ഢിത്വം ആണെന്നാണ് താന്‍ ആലോചിക്കുന്നതെന്നും കാരണം ബ്രോ ഡാഡി എന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെതാണെന്നും മല്ലിക പറഞ്ഞു. അതിന്റെ സ്‌ക്രിപ്റ്റും സംഭാഷണങ്ങളുമെല്ലാം തയ്യാറാക്കി രാജുവിന്റെ അടുത്ത് ചെല്ലുമ്പോള്‍ അവരാണ് ചിത്രത്തിലേക്ക് ആരെ കാസ്റ്റ് ചെയ്യണം എന്ന് തീരുമാനിക്കേണ്ടതെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രോ ഡാഡി. Photo: X.com

പൃഥ്വിരാജ് സംവിധാനം ചെയ്ത് വലിയ ഹിറ്റായി മാറിയ ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ രണ്ട് ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് പ്രധാനവേഷം കൈകാര്യം ചെയതിരുന്നു. അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രോ ഡാഡിയില്‍ താരത്തിന്റ അമ്മയുടെ കഥാപാത്രമായി മല്ലിക സുകുമാരനും വേഷമിട്ടിരുന്നു.

Content Highlight: Mallika Sukumaran talks about Criticism against prithviraj Sukumaran

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.