സഖാവ് പിണറായി വിജയനെ കുറ്റം പറയുന്നത് തെറ്റല്ലേ? ഇലക്ഷന് തോറ്റപ്പോൾ മുഖ്യമന്ത്രി മാത്രമായോ കുറ്റകാരൻ: മല്ലിക സുകുമാരൻ
Malayalam Cinema
സഖാവ് പിണറായി വിജയനെ കുറ്റം പറയുന്നത് തെറ്റല്ലേ? ഇലക്ഷന് തോറ്റപ്പോൾ മുഖ്യമന്ത്രി മാത്രമായോ കുറ്റകാരൻ: മല്ലിക സുകുമാരൻ
നന്ദന എം.സി
Monday, 25th May 2026, 11:39 am

സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്ന പ്രവണത തെറ്റാണെന്ന് നടി മല്ലിക സുകുമാരൻ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് മല്ലികയുടെ പരാമർശം.

‘സഖാവ് പിണറായി വിജയനെ കുറ്റം പറയുന്നു. എന്തുകൊണ്ട് അവർ നേരത്തെ പറഞ്ഞില്ല? ഇലക്ഷൻ വന്ന് തോറ്റപ്പോഴാണോ പറയേണ്ടത്,’ എന്നാണ് മല്ലിക ചോദിച്ചത്. അധികാരത്തിൽ ഇരിക്കുമ്പോൾ മിണ്ടാതിരുന്നവരാണ് ഇപ്പോൾ പഴയ കാര്യങ്ങൾ എടുത്തുപറയുന്നതെന്നും അവർ വിമർശിച്ചു.

മല്ലിക സുകുമാരൻ, Photo: IMDb

‘പണ്ട് ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു എന്നൊക്കെ ഇപ്പോൾ പറയുന്നത് തെറ്റാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് അപ്പോൾ തന്നെ പറയണം. അന്ന് ഭരിക്കുന്നു, അതുകൊണ്ട് നമുക്ക് നേട്ടമുണ്ട്. ഇപ്പോൾ ഭരണം പോയി, ഇനി നമുക്ക് പലതും കിട്ടാതെ പോകും എന്ന നിലപാടിലാണ് ചിലർ സംസാരിക്കുന്നത്,’ എന്നും മല്ലിക പറഞ്ഞു.

ഇന്നും വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോൾ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും ആളുകൾ ചോദിക്കുന്നതായി അവർ വ്യക്തമാക്കി. ‘ഇലക്ഷൻ തോറ്റപ്പോൾ മുഖ്യമന്ത്രി മാത്രം ആയോ കുറ്റകാരൻ? അങ്ങനെ ചോദിക്കുന്നവർക്ക് പാർട്ടിയെക്കുറിച്ച് ഒന്നും അറിയില്ല,’ എന്നും മല്ലിക പറഞ്ഞു.

വി.ഡി സതീശൻ, പിണറായി വിജയൻ, Photo: Pinarayi vijayan/ Facebook

താൻ പാർട്ടിയിൽ സജീവമായി പ്രവർത്തിച്ച ആളല്ലെങ്കിലും കുടുംബത്തിൽ നിന്ന് ലഭിച്ച രാഷ്ട്രീയബോധമുണ്ടെന്ന് മല്ലിക പറഞ്ഞു. ഈ പാർട്ടി എന്താണെന്ന് സജീവമായി നിന്ന് പഠിച്ച ആളല്ല ഞാൻ. അച്ഛനമ്മമാർ പറഞ്ഞുതന്ന അറിവുകളാണ് എനിക്ക് ഉള്ളത്,’ എന്നും അവർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ബന്ധുനിയമന വിമർശനങ്ങളെയും മല്ലിക തള്ളി. മുൻ മുഖ്യമന്ത്രിമാരുടെ കാലത്തും കുടുംബാംഗങ്ങൾ രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നും എല്ലാ പാർട്ടികളിലും ഇത്തരം കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

‘മുൻ മുഖ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രി മരുമോനെ മന്ത്രി ആക്കി എന്ന് ഇപ്പോൾ പറയുന്നവർ, അന്ന് ഇതൊന്നും പറഞ്ഞില്ലല്ലോ. ഭർത്താവ് എം.പി, ഭാര്യ മന്ത്രി എന്നൊക്കെയുള്ള കാര്യങ്ങൾ എല്ലാ പാർട്ടികളിലും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. അതൊന്നും പ്രത്യേക താത്പര്യം കൊണ്ടല്ല,’ എന്നാണ് മല്ലികയുടെ പ്രതികരണം.

Content Highlight: Mallika sukumaran talk about Pinarayi vijayan

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.