| Thursday, 3rd April 2025, 3:35 pm

സുകുവേട്ടന്‍ അവസാനമായി ചെയ്യാനിരുന്ന സിനിമ, അതിന്റെ സ്‌ക്രിപ്റ്റ് ഇപ്പോഴുമുണ്ട്: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഴുപതുകളുടെ ആരംഭം മുതല്‍ 90കളുടെ മധ്യം വരെ മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്നു സുകുമാരന്‍. നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത മലയാളം സിനിമയായ നിര്‍മ്മാല്യത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വരുന്നത്.
1978ല്‍ ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

കാലങ്ങളായി മലയാള സിനിമക്ക് സുപരിചിതയായ നടിയും സുകുമാരന്റെ പങ്കാളിയുമാണ് മല്ലിക സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു അവര്‍. ഇപ്പോള്‍ സുകുമാരന്‍ അവസാനമായി ചെയ്യാനിരുന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.

സുകുമാരന്‍ അവസാനമായി ചെയ്യാനിരുന്ന സിനിമയായിരുന്നു പാടം പൂത്തകാലം എന്നും ഒരു നാട്ടിന്‍ പുറത്ത് നടക്കുന്ന കുടുംബ ചിത്രമായിരുന്നു അതെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ആ സ്‌ക്രിപ്റ്റിന്റെ ഫൈനല്‍ കോപ്പിയെടുത്തത് വീട്ടില്‍ വെച്ചായിരുന്നുവെന്നും സ്‌ക്രിപ്റ്റ് ഇപ്പോഴും ഉണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു. അദ്ദേഹത്തിന് സാധിക്കാന്‍ പറ്റാത്തതാണ് ഇപ്പോള്‍ പൃഥ്വിരാജിലൂടെ സാധിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകമാരന്‍.

‘സുകുവേട്ടന്‍ അവസാനമായിട്ട് ചെയ്യാന്‍ പോയ സിനിമയായിരുന്നു പാടം പൂത്ത കാലം. അതിന്റെ സ്‌ക്രിപ്റ്റ് ഇപ്പോഴും ഉണ്ട്. അത് പക്കാ ഒരു നാട്ടിന്‍ പുറത്ത് നടക്കുന്ന കുടുംബ കഥയാണ് നല്ല കഥയായിരുന്നു അതിന്റേത്. ഒരു നാട്ടിന്‍ പുറത്തെ കഥ അതിന്റെ കമ്പോസിങ് നമ്മള്‍ കോട്ടയത്തൊക്കെ വെച്ച് തുടങ്ങാനിരിക്കുകയായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു അതിന്റെ ഫൈനല്‍ സ്‌ക്രിപ്റ്റ് കോപ്പിയെടുത്തത്. ഞാന്‍ അപ്പോഴൊക്കെ അവിടെയുണ്ട്.

സി.എം.എസ് കോളജിലുണ്ടായിരുന്ന അനിയന്‍ എന്ന് നമ്മള്‍ വിളിക്കുന്ന ഒരാളായിരുന്നു അതിന്റെ പാട്ട് കമ്പോസ് ചെയ്തത്. എഴുത്തും വായനയുമെല്ലാം ഓള്‍മോസ്റ്റ് റെഡിയായി. ആര്‍ട്ടിസ്റ്റുകള്‍ തീയ്യതിയൊക്കെ നോക്കി തുടങ്ങാമെന്ന് പറഞ്ഞ സമയത്താണ് അദ്ദേഹം മരിച്ചത്. ഞാനെപ്പോഴും പറയും അച്ഛന്റെ ഒരു ആഗ്രഹം രാജുവിലൂടെ സാധിക്കുന്നുവെന്ന്. അത് ഉറപ്പാണ്,’മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight: Mallika Sukumaran about Sukumaran

We use cookies to give you the best possible experience. Learn more