| Thursday, 27th March 2025, 8:33 pm

ആദ്യ സിനിമ മോഹന്‍ലാലിനെ വെച്ച് മാത്രമേ ചെയ്യുള്ളൂവെന്ന് രാജു പറഞ്ഞു, മമ്മൂട്ടിയെ വെച്ച് ചെയ്യാത്തതെന്തേയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു: മല്ലിക സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളികള്‍ കാണുന്ന മുഖമാണ് മല്ലിക സുകുമാരന്റേത്. കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത മല്ലിക ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരികയും പിന്നീട് സിനിമയില്‍ സജീവമാവുകയും ചെയ്തു.

തന്റെ മകനായ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. സംവിധാനം ചെയ്യണമെന്ന ആഗ്രഹം പൃഥ്വിരാജിന് പണ്ടുമുതലേ ഉണ്ടായിരുന്നെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ആദ്യ സിനിമ മോഹന്‍ലാലിനെ വെച്ച് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും മോഹന്‍ലാലിനെ അത്രക്ക് ഇഷ്ടമായിരുന്നെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയോട് ചെറിയ പേടിയും ബഹുമാനവുമുള്ള ആളായിരുന്നു പൃഥ്വിയെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. സുകുമാരന്റെ സുഹൃത്തെന്ന നിലയിലാണ് മമ്മൂട്ടിയെ പൃഥ്വി കണ്ടിട്ടുള്ളതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മോഹന്‍ലാലിനെ അങ്ങനെ കാണാന്‍ പൃഥ്വിക്ക് സാധിച്ചിട്ടില്ലെന്നും അക്കാരണം കൊണ്ട് ആദ്യസിനിമ അദ്ദേഹത്തെ വെച്ച് ചെയ്യണമെന്നും പൃഥ്വി എപ്പോഴും പറയുമായിരുന്നെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

മമ്മൂട്ടിയെ വെച്ച് ആദ്യത്തെ സിനിമ ചെയ്തുകൂടെയെന്ന് താന്‍ ചോദിച്ചെന്നും അദ്ദേഹത്തിന് വേറെ പരിപാടി വെച്ചിട്ടുണ്ടെന്ന് മറുപടി നല്‍കിയെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് ചാടാനും മറിയാനും ഫൈറ്റ് ചെയ്യാനുമുള്ള പടമായിരുന്നു പൃഥ്വിയുടെ മനസിലെന്നും അതുകൊണ്ട് മമ്മൂട്ടിയെ വെച്ച് ആദ്യ സിനിമ ചെയ്യുന്നില്ലെന്ന് പൃഥ്വി പറഞ്ഞെന്നും മല്ലിക പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

‘ഒരു പടം സംവിധാനം ചെയ്യുമെന്ന് രാജു പണ്ടേ പറഞ്ഞിരുന്നു. മോഹന്‍ലാലിനെ വെച്ചേ ആദ്യ പടം ചെയ്യൂവെന്ന് അവന്‍ പറയാറുണ്ട്. മമ്മൂട്ടിയെ ചെറുപ്പം തൊട്ടേ സുകുവേട്ടന്റെ കാണുന്നതുകൊണ്ട് അദ്ദേഹത്തോട് ഒരു ബഹുമാനമുണ്ട്. പക്ഷേ, മോഹന്‍ലാലിനോട് അത്രക്ക് പരിചയമില്ലായിരുന്നു. എല്ലാ പടത്തിലും മോഹന്‍ലാല്‍ ഓടുന്നതും ചാടുന്നതും ഫൈറ്റ് ചെയ്യുന്നതുമൊക്കെ കണ്ടിട്ടാണ് രാജുവിന് അങ്ങനെയൊരു തോന്നലുണ്ടായത്.

ആ കാരണം കൊണ്ടാണ് ആദ്യത്തെ പടം ലാലിനെ വെച്ച് ചെയ്യുമെന്ന് പറഞ്ഞത്. മമ്മൂട്ടിയെ വെച്ച് ചെയ്തൂടെ എന്ന് ചോദിച്ചപ്പോള്‍ ‘ഏയ് അതൊന്നും ശരിയാവില്ല, പുള്ളിക്ക് വേറെ കിടിലന്‍ പരിപാടി കൊടുക്കാം. ഇത് കുറച്ച് ഫൈറ്റും ഡാന്‍സുമൊക്കെയുള്ള പടമായിരിക്കും’ എന്നായിരുന്നു രാജു പറഞ്ഞത്. അന്ന് പറഞ്ഞതുപോലെ ആദ്യത്തെ പടം മോഹന്‍ലാലിനെ വെച്ച് തന്നെ രാജു ചെയ്തു,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight: Mallika Sukumaran about Prithviraj’s first directorial

We use cookies to give you the best possible experience. Learn more