അൻപത് വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘ഉത്തരായനം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, അരങ്ങേറ്റ വർഷം തന്നെ ‘സ്വപ്നാടനം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി. പിന്നീട് ‘ചുവന്ന സന്ധ്യകൾ’, ‘ആലിംഗനം’, ‘അവളുടെ രാവുകൾ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി.
നടൻ സുകുമാരനുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും 2000 കളിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ മല്ലിക സുകുമാരൻ, അമ്മ വേഷങ്ങളിലൂടെയും ഹാസ്യകഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിലും ടെലിവിഷനിലും ഇന്നും സജീവ സാന്നിധ്യമാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജ് സുകുമാരന്റെയും അമ്മ കൂടിയായ മല്ലിക സുകുമാരൻ, തന്റെ പ്രീഡിഗ്രി പഠനകാലത്തെ രസകരമായ ഒരു ഓർമ പങ്കുവെക്കുകയാണ്. ട്രൂ കോപ്പി തിങ്കിനു നൽകിയ അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത് .
‘പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വന്നപ്പോൾ മത്സരിക്കാൻ സാധാരണ സീനിയർമാർക്കായിരുന്നു മുൻഗണന. എന്നാൽ ബി.എയ്ക്ക് പഠിക്കുന്ന ഒരു സീനിയർ സ്ഥാനാർഥിക്കെതിരെ ഞാൻ മത്സരിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പ്രേം നസീറിനെയും ശാരദ ചേച്ചിയെയും കോളേജിൽ കൊണ്ടുവരുമെന്ന് ഞാൻ പ്രചാരണ സമയത്ത് പറഞ്ഞു. എന്നാൽ അന്ന് ഞാൻ അവരെ നേരിൽ കണ്ടിട്ടുപോലുമില്ലായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എനിക്ക് ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അതിന് ശേഷം പ്രിൻസിപ്പൽ എന്നെ വിളിപ്പിച്ച്, ഇത്ര വലിയ ഭൂരിപക്ഷത്തിൽ എങ്ങനെ ജയിച്ചു എന്ന് ചോദിച്ചു. ഞാൻ അതിന് ചിരിച്ചുകൊണ്ട് ‘നാക്ക് കൊണ്ട് മാഡം’ എന്നാണ് മറുപടി പറഞ്ഞത്. പക്ഷേ അതിന് ശേഷം പ്രേം നസീറിനെയും ശാരദ ചേച്ചിയെയും എങ്ങനെ കോളേജിൽ കൊണ്ടുവരും എന്നായി ടെൻഷൻ .
അങ്ങനെയിരിക്കെയാണ് ദൈവാനുഗ്രഹം പോലെ രണ്ട് മാസത്തിനുള്ളിൽ ശാരദ ചേച്ചിയുടെ നിർമാണത്തിൽ ഒരുങ്ങിയ ‘ഭദ്രചിറ്റ’ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. അന്ന് ‘കളിത്തോഴൻ’ സിനിമയുടെ സംവിധാനവും കാര്യങ്ങളും ഒക്കെ എന്റെ മൂത്ത വല്യച്ഛന്റെ മകൻ ആയിരുന്നു . അപ്പോൾ ആ വിലാസത്തിൽ ആണ് ഞാൻ പ്രേം നസീർ സാറിനെ കാണാൻ പോവാം എന്ന് തീരുമാനിച്ചത് .
നസീർ സാറിനെ പോയി കണ്ടപ്പോൾ ഞാൻ പറഞ്ഞു, സാറേ, എനിക്ക് ഒരു ചെറിയ അബദ്ധം പറ്റിപ്പോയി. പിന്നെ നടന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. അദ്ദേഹം അത് കേട്ട് ചിരിച്ചു. ശാരദ ചേച്ചിയുടെ അടുത്ത് ചെന്നും കാര്യം പറഞ്ഞു. ഒടുവിൽ ഇരുവരും കോളേജിലേക്ക് വരാൻ സമ്മതിച്ചു.
അവർ കോളേജിലെത്തിയ ദിവസം വലിയ ജനക്കൂട്ടമായിരുന്നു. കോളേജിന്റെ ഗേറ്റുകൾ വരെ അടയ്ക്കേണ്ട സാഹചര്യം വന്നു. അധ്യാപകർ പോലും ഇവരെ എവിടെ നിന്നാണ് കൊണ്ടുവന്നത് എന്ന് അത്ഭുതപ്പെട്ടു. പ്രിൻസിപ്പൽ വീണ്ടും വിളിപ്പിച്ച് എന്റെ ധൈര്യത്തെ അഭിനന്ദിച്ചു.
പിന്നീട ഒരു ഇംഗ്ലീഷ് പ്രൊഫസർ എന്നോട് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്. നിന്റെ അന്നത്തെ സാമർഥ്യം വെച്ച് സിവിൽ സർവീസ് എഴുതി വല്ല കളക്ടർ ആവും എന്നായിരുന്നു വിചാരിച്ചത് എന്ന്.
എന്നാൽ അതിലൊരു രസകരമായ കാര്യം കൂടിയുണ്ട്. അന്ന് എനിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ ‘കെ.എസ്.യു സ്ഥാനാർഥി മോഹമല്ലിക വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു ’ എന്ന ബാനർ കണ്ടു. അപ്പോഴാണ് കെ.എസ്.യു, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാർഥി സംഘടനകളെക്കുറിച്ച് ഞാൻ അറിയുന്നത്. ആ ബാനർ കണ്ടപ്പോൾ കോളേജിൽ പ്രശ്നം ആവുമോ എന്നൊക്കെ പേടിച്ചിരുന്നു. പിന്നെയാണ് അത് സ്റ്റുഡന്റ് സെന്ററിയിൽ നിന്നും കൊണ്ട് വെച്ചതാണ് എന്നൊക്കെ അറിഞ്ഞത്. അങ്ങനെയാണ് ഞാൻ പോലും അറിയാതെ ഒരു കെ.എസ്.യു സ്ഥാനാർഥിയായി മാറിയത്,’ മല്ലിക സുകുമാരൻ പറഞ്ഞു.