വാഷിങ്ടണ്‍: യു.എസ് ഏര്‍പ്പെടുത്തിയ യാത്രവിലക്കിനുപിന്നാലെ തിരിച്ചും വിലക്കേര്‍പ്പെടുത്തി മാലിയും ബുര്‍ക്കിന ഫാസോയും.
ഡിസംബര്‍ ആദ്യം അമേരിക്ക ഏര്‍പ്പെടുത്തിയ സാമാന നടപടിക്ക് പിന്നാലെയാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള രാജ്യങ്ങളുടെ പ്രസ്താവന.
ഡിസംബര്‍ 16ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാലി, ബുര്‍ക്കിന ഫാസോ തുടങ്ങി അഞ്ച് രാജ്യങ്ങളിലേക്ക് കൂടി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ യാത്രാ വിലക്ക് സ്‌ക്രീനിങ്, പരിശോധന, വിവരങ്ങള്‍ പങ്കിടല്‍ എന്നീ കാര്യങ്ങളില്‍ സ്ഥിരവും ഗുരുതരുമായ പ്രശ്‌നങ്ങള്‍ ഉള്ള രാജ്യങ്ങള്‍ക്ക് ബാധകമാണെന്ന് യു.എസ് അറിയിച്ചിരുന്നു.
എന്നാല്‍ യു.എസിന്റെ നടപടി മൂന്‍കൂര്‍ കൂടിയാലോചന കൂടാതെയുള്ളതായിരുന്നുവെന്നും അതിനുള്ള മറുപടിയെന്നോണമാണ് യു.എസ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന യാത്രവിലക്കെന്ന് ചൊവ്വാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും പറഞ്ഞു.
എന്നാല്‍ സമാനമായി മറ്റു രാജ്യങ്ങളും യു.എസിന്റെ വിലക്കിനുള്ള മറുപടിയായി യു.എസ് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഡിസംബര്‍ 25ന് നൈജര്‍ യു.എസ് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ചതായി രാജ്യത്തെ നയതന്ത്ര സ്‌ത്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് സ്‌റ്റേറ്റ് മീഡിയ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണില്‍ യു.എസ് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെയ്ക്കുകയാണെന്ന് ചാഡും പറഞ്ഞിരുന്നു.
ഫലസ്തീന്‍ അതോറിറ്റി നല്‍കിയ രേഖകളില്‍ യാത്ര ചെയ്യുന്നവരെയും മറ്റ് അഞ്ച് രാജ്യങ്ങളെയും യു.എസ് യാത്രയ്ക്ക് പൂര്‍ണ വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. പട്ടികയിലുള്ള മറ്റ് 12 രാജ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഫലസ്തീന്‍, ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, ദക്ഷിണ സുഡാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
നൈജീരിയ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അമേരിക്ക ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു.
ഫലസ്തീനെ ഒരു രാഷ്ട്രമായോ അധിനിവേശ പ്രദേശമായോ ഉത്തരവില്‍ പരാമര്‍ശിച്ചില്ല, പകരം ‘ഫലസ്തീന്‍ അതോറിറ്റി നല്‍കിയതോ അംഗീകരിച്ചതോ ആയ രേഖകളില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്ക് പൂര്‍ണ വിലയ്ക്കും പ്രവേശന നിയന്ത്രണങ്ങളും ബാധകമാണ്,’ ഉത്തരവില്‍ അമേരിക്ക പറഞ്ഞു.
യു.എസ് ഭീകരരായി പ്രഖ്യാപിച്ച നിരവധി ഗ്രൂപ്പുകള്‍ വെസ്റ്റ് ബാങ്കിലോ ഗസയിലോ സജീവമായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,’ അമേരിക്ക കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ ഭരണകൂടത്തിന്റെ വംശീയ ക്രൂരതയ്ക്ക് അതിരുകളില്ലെന്നും ഈ യാത്രവിലക്ക് അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ വംശഹത്യയില്‍ നിന്നും പലായനം ചെയ്യുന്നവരെ ബാധിക്കുമെന്നും ഫലസ്തീന്‍ വംശജയായ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വനിതാ റാഷിദ ത്വലൈബ് പറഞ്ഞു
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍ ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളാണ് പൂര്‍ണ യാത്ര വിലക്ക് നേരിടുന്ന മറ്റ് രാജ്യങ്ങള്‍.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.