'എയിംസ് വേണമാ-ആമ ആമ ആമ' നിര്‍മല സീതാരാമനെയും സുരേഷ് ഗോപിയെയും പരിഹസിച്ച് മലയാളികള്‍
Kerala
'എയിംസ് വേണമാ-ആമ ആമ ആമ' നിര്‍മല സീതാരാമനെയും സുരേഷ് ഗോപിയെയും പരിഹസിച്ച് മലയാളികള്‍
രാഗേന്ദു. പി.ആര്‍
Monday, 2nd February 2026, 8:44 am

കോഴിക്കോട്: 2026-27 കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ബി.ജെ.പി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വിമര്‍ശനവും പരിഹാസവുമായി മലയാളികള്‍. കേരളത്തെ തഴഞ്ഞുകൊണ്ടുള്ള ബഡ്ജറ്റിനെതിരെയാണ് മലയാളികളുടെ പ്രതിഷേധം.

എയിംസ് അടക്കമുള്ള കേരളത്തിന്റെ 50 ശതമാനം ആവശ്യങ്ങളും പരിഗണിക്കാതെയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ (ഞായര്‍) യൂണിയന്‍ ബഡ്ജറ്റ് അവതരിപ്പിച്ചത്.

ഇതിനുപിന്നാലെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നത്. കേരളത്തിൽ നിന്നുള്ള ബി.ജെ.പി എം.പിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനുമെതിരെയാണ് വിമര്‍ശനങ്ങള്‍.

‘ജനകീയ ബഡ്ജറ്റ്’ എന്ന തലക്കെട്ടിലാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനങ്ങള്‍ ബി.ജെ.പി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കേരളത്തെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച അപൂര്‍വ ധാതു ഇടനാഴിയും തീരദേശ ടൂറിസം പദ്ധതിയെയുമാണ് മലയാളികള്‍ ചോദ്യം ചെയ്യുന്നത്.

കടലാമയുടെ മുട്ട കിട്ടുമ്പോള്‍ മാരാര്‍ജി ഭവനില്‍ ഏല്‍പ്പിച്ചാല്‍ മതിയോ എന്നാണ് പലരുടേയും ചോദ്യം. കേരളത്തിലെ ടൂറിസം സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രം തരാനുള്ള പണം തന്നാല്‍ മതിയെന്നുമാണ് ഒരാള്‍ കമന്റിട്ടത്.

ഗൗതം അദാനിയെ വിഴിഞ്ഞത്ത് കൊണ്ടുവന്നത് ഇതിനൊക്കെ വേണ്ടിയാണല്ലോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഉളുപ്പുണ്ടോയെന്ന് ചോദിക്കുന്നില്ല, ഇല്ലെന്ന് അറിയാമെന്നുമാണ് മറ്റു ചിലരുടെ പ്രതികരണം.

കേരളത്തിന്റെ തീരമേഖല മാന്തി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു. തീരദേശ ടൂറിസം എന്നത് ധാതു ലവണങ്ങള്‍ കുഴിച്ചെടുക്കുന്നത് ആണോയെന്നും ഒരാള്‍ ചോദിച്ചു.

‘തമിഴ്‌നാട്ടുകാരിയായ ധനമന്ത്രി ‘എയിംസ് വേണമാ’ എന്ന് ചോദിച്ചു. മലയാളിയായ ഗോപി ചേട്ടന്‍ ‘ആമ ആമ ആമ’ എന്ന് പറഞ്ഞു. സത്യത്തില്‍ അതെ അതെ അതെ എന്നാണ് കാരണവര്‍ പറഞ്ഞത്,’ എന്നാണ് മറ്റൊരു രസകരമായ കമന്റ്.

വീട്ടിലെ കുളത്തില്‍ കുറച്ച് ആമകളുണ്ടെന്നും അവയെ നോക്കാന്‍ എന്തെങ്കിലും ഫണ്ട് അനുവദിക്കാന്‍ കഴിയുമോയെന്നും പരിഹാസമുണ്ട്.

Content Highlight: Malayalis criticized Kerala BJP after the presentation of the 2026-27 Union Budget

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.