കൊല്‍ക്കത്ത: ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു. കള്ളനെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ ക്രൂരമാായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ സൗത്ത് പര്‍ഗാനാസ് ജില്ലയിലെ കുല്‍താലയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ജൂണ്‍ 9-നാണ് സംഭവം നടന്നതെങ്കിലും, ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് പൊലീസ് വിവരമറിയുന്നത്.
ജോലി ആവശ്യത്തിനായി കുല്‍താലിയിലെ സങ്കീജഹാന്‍ എന്ന സ്ഥലത്ത് പരിചിതനായ ഒരാളെ കാണാന്‍ എത്തിയതായിരുന്നു ഈ മലയാളി യുവാവ്. ജൂണ്‍ 9 ന് രാവിലെ അടുത്തുള്ള മാര്‍ക്കറ്റിലേക്ക് പോയ ഇദ്ദേഹത്തിന് വഴി തെറ്റി മറ്റൊരു പ്രദേശത്ത് എത്തിപ്പെടുകയായിരുന്നു.
ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ കാരണം നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ശരിയായി മറുപടി നല്‍കാന്‍ സാധിച്ചില്ല. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കള്ളനാണെന്ന സംശയത്തിലേക്ക് വഴിമാറിയത്. യുവാവിന് ബംഗാളി അറിയില്ലായിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇദ്ദേഹത്തെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുല്‍താലി പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജയ്‌നഗര്‍-കുല്‍താലി റൂറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മര്‍ദ്ദനത്തിന്റെ വീഡിയോ അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതും. കൊല്ലപ്പെട്ട വ്യക്തിയുടെ കൂടുതല്‍ വിവരങ്ങളും ഔദ്യോഗിക ഐഡന്റിറ്റിയും സ്ഥിരീകരിക്കാനായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. മരിച്ച യുവാവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Content Highlight: Malayali youth beaten to death in Bengal on suspicion of being a thief; seven arrested
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.