ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ നടപടിയില്‍ ഇടപെടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യു.ഡി.എഫ് എം.പിമാരുടെ സംഘത്തിനാണ് അമിത് ഷാ ഉറപ്പ് നല്‍കിയത്.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ ഛത്തീസ്ഗഡിലെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരും വിശ്വഹിന്ദു പരിഷത്തും രംഗത്തുള്ള സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന ബോധ്യമുണ്ടെന്നാണ് അമിത് ഷാ പറയുന്നത്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നും എന്‍.ഐ.എ കോടതിയില്‍ നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ സര്‍ക്കാര്‍ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
ജാമ്യത്തിലെ തീരുമാനം എന്‍.ഐ.എ കോടതിക്ക് വിട്ട സെഷന്‍സ് കോടതിയുടെ നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കന്യാസ്ത്രികളുടെ ജാമ്യത്തിനായി വീണ്ടും വിചാരണക്കോടതിയെ സമീപിക്കാനാണ് അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്.
‘സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതി അപ്പീല്‍ നല്‍കും. ഇതിനിടെ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കണം,’ അമിത് ഷാ നിര്‍ദേശിച്ചു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്നും ഷാ പറഞ്ഞതായി വിവരമുണ്ട്.
മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാര്‍ മലയാളി കന്യാസ്ത്രീകളുടെ ജയില്‍വാസം സംബന്ധിച്ച വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഛത്തിസ്ഗഡിലെത്തിയ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രതിനിധികള്‍ ജയിലില്‍ തുടരുന്ന കന്യാസ്ത്രീകളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. ജാമ്യം അനുവദിക്കരുതെന്നും ജാമ്യം നല്‍കിയാല്‍ അതിനെതിരെ സുപ്രീം കോടതി വരെ പോകുമെന്നും ബജ്രംഗ് ദള്‍ പ്രതികരിച്ചിരുന്നു.
Content Highlight: Amit Shah will intervene in the action against Malayali nuns; assures UDF MPs