ജോര്‍ജേട്ടന്‍സ് 'തെറി' പൂരം | Trollodu Troll
രോഷ്‌നി രാജന്‍.എ

കേരളരാഷ്ട്രീയത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് പി.സി ജോര്‍ജിനോളം പേരുകേട്ട മറ്റാരും ഇല്ല എന്നു തന്നെ പറയാം. ഇത്തവണ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ യു.ഡി.എഫും പി.സി ജോര്‍ജിനെ തള്ളിയിരിക്കുകയാണ്. എന്‍.ഡി.എക്കൊപ്പം ചേരാനുള്ള തയ്യാറെടുപ്പിലാണ് പി.സി ജോര്‍ജ്. ഏത് പാര്‍ട്ടിക്കൊപ്പം നിന്നാലും സ്വതന്ത്ര്യനായി നിന്നാലും പി.സി ജോര്‍ജ് ഉണ്ടാക്കുന്ന വിവാദങ്ങള്‍ നീണ്ട നിരയായിരിക്കും.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡനപരാതി നല്‍കിയപ്പോള്‍ കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ചു, കന്യാസ്ത്രീകളുടെ സമരം പേരെടുക്കാനാണെന്ന് പറഞ്ഞു, നടി ആക്രമിച്ച സംഭവത്തില്‍ നടിയെ ആക്ഷേപിച്ചതിന് ശേഷം കേസിലെ പ്രതിയായ ദിലീപിനൊപ്പം നിന്നു, ഭക്ഷണം കിട്ടാന്‍ വൈകിയതിന് എം.എല്‍.എ ഹോസ്റ്റല്‍ കാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ചു.

ഹാരിസണ്‍ തോട്ടത്തിലെ ഭൂമികയ്യേറ്റവുമായി വിവാദമായപ്പോള്‍ അവിടുത്തെ തോട്ടംതൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഇങ്ങേരുടെ കാര്‍ വന്നപ്പോ ടോള്‍ ബൂത്തിലിരുന്ന അതിഥി സംസ്ഥാനത്തൊഴിലാളി ബാരിയര്‍ താഴ്ത്തിയെന്നും പറഞ്ഞ് അയാളെ പിടിച്ചടിച്ചു.

നീ ആണാണ് പെണ്ണിനെപ്പോലെ വേഷം കെട്ടിയതെന്തിനാണെന്ന് ഒരു ട്രാന്‍സ്ജെന്ററിനോട് ഒരിക്കല്‍ ചോദിച്ചു ,മറ്റൊരിക്കല്‍ എറണാകുളം അങ്കമാലി അതിരൂപതാ ഭൂമിയിടപാട് കേസില്‍ വൈദികന്‍ വേലിക്കാരിയായ പുലയ സ്ത്രീയുടെ മകന്‍ ആണെന്ന് പറഞ്ഞു. അങ്ങനെ ദളിത് അധിക്ഷേപം നടത്തി, മന്ത്രി എ.കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. പല മന്ത്രിമാരെയും പല സമയത്തും ജാതി പേര് വിളിച്ചു.

അങ്ങേയറ്റം ഇസ്ളാമോഫോബിക് ആയ പരാമര്‍ശങ്ങള്‍ നടത്തി, മുസ്ലിങ്ങള്‍ വര്‍ഗീയ വാദികളും തീവ്രവാദികളുമാണെന്ന് പറഞ്ഞു, ഇപ്പൊ ദേ ഏറ്റവും ഒടുവിലായിട്ട് ലീഗിനെ നിയന്ത്രിക്കുന്നത് ജിഹാദികളാണ്, യു.ഡി.എഫ് മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയാണ് എന്ന് പറഞ്ഞു. ഇങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ടാവും പി.സി ജോര്‍ജിന്റെ വിവാദപരാമര്‍ശങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.