കൊല്ലം: ഹോം വര്‍ക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് മലയാളം അധ്യാപകന്‍. കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചത്.
സംഭവത്തില്‍ അധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് മാതാപിതാക്കള്‍ മര്‍ദന വിവരം അറിഞ്ഞത്.
കുട്ടി ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ വിവരം തിരക്കിയത്. നിലവില്‍ ചാത്തിനാംകുളം സ്‌കൂളിന് മുന്നില്‍ നാട്ടുകാരും കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് പ്രതിഷേധിക്കുകയാണ്.
ഡിസംബര്‍ 11നാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടന്നത്. ഇരുകൈകളും ഡെസ്‌കില്‍ വെപ്പിച്ച ശേഷം കുട്ടിയെ അധ്യാപകന്‍ ഒന്നിലധികം തവണ അടിച്ചുവെന്നാണ് വിവരം.
‘സ്‌കൂളില്‍ നിന്ന് വന്നതിനുശേഷം കുളിപ്പിച്ച് ഭക്ഷണം കൊടുത്ത ശേഷം മകനെ ട്യൂഷ്യന് വിടാറാണ് പതിവ്. എന്നാല്‍ സംഭവം നടന്ന ദിവസം നിക്കര്‍ അഴിക്കാന്‍ പറഞ്ഞപ്പോള്‍ മകന്‍ വിസമ്മതിച്ചു. പിന്നീട് ബലം പിടിച്ച് നിക്കര്‍ ഊരിയപ്പോള്‍ തൊടല്ലേ ബാപ്പി എന്ന് പറഞ്ഞുകൊണ്ട് മകന്‍ ഒച്ചവെച്ച് കരഞ്ഞു. നോക്കുമ്പോള്‍ ചോര പൊടിഞ്ഞിരിക്കുകയായിരുന്നു. തുടര്‍ന്ന് മകനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ നല്‍കി. അവിടുന്ന് തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. നേരെ പരാതി കൊടുക്കുകയും ചെയ്തു,’ കുട്ടിയുടെ പിതാവ് റിപ്പോര്‍ട്ടര്‍ ടി.വിയോട് പ്രതികരിച്ചു.
കുട്ടിയ്ക്ക് ടോയ്‌ലറ്റില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രണ്ട് ദിവസമായി മകന്‍ ബാത്‌റൂമില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചതായും പരാതിയുണ്ട്.
വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍, മനുഷ്യാവകാശ കമ്മീഷന്‍, ഡി.ജി.പി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്കും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
Content Highlight: Malayalam teacher brutally beats up student in Kollam for not doing homework