തമിഴ് ഇന്‍ഡസ്ട്രിയിലെ അടുത്ത സൂപ്പര്‍സ്റ്റാറാകുമെന്ന് ആരാധകര്‍ കരുതുന്ന ശിവകാര്‍ത്തികേയന്റെ ബിഗ് ബജറ്റ് ചിത്രം പരാശക്തി ഒരുവശത്ത്, പരീക്ഷണ സിനിമകള്‍ ചെയ്ത് ഹിറ്റാക്കി ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയ കാര്‍ത്തി മറ്റൊരു വശത്ത്. ഇവരുടെ രണ്ട് വമ്പന്‍ സിനിമകളെ മലര്‍ത്തിയടിച്ച് ഈ വര്‍ഷത്തെ പൊങ്കല്‍ വിന്നറായത് ഒരു കൊച്ചു സിനിമയാണ്.
ജീവ നായകനായെത്തിയ തലൈവര്‍ തമ്പി തലൈമയില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഒറ്റ ദിവസത്തെ കഥപറയുന്ന ചിത്രം തമിഴ്‌നാട്ടില്‍ ഹൗസ്ഫുള്ളാണ്. ഒരു കല്യാണവീടും അതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളിയായ നിതേഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ഫാലിമിക്ക് ശേഷം നിതേഷ് ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജാന്‍ ഏ മനുമായി ചെറുതല്ലാത്ത സാമ്യം തലൈവര്‍ തമ്പി തലൈമയിലിനുണ്ട്.
തലൈവര്‍ തമ്പി തലൈമയില്‍ Photo: Screen grab/ Think Music India
ജാന്‍ ഏ മനില്‍ പിറന്നാള്‍ വീടും മരണവീടുമാണെങ്കില്‍ ഇവിടെ കല്യാണ വീടിന്റെ അയല്‍വക്കത്ത് മരണം നടക്കുന്നതാണ് കഥ. രണ്ട് വീടിന്റെയും ഇമോഷനുകള്‍ കൃത്യമായി വരച്ചുകാണിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. മരണത്തെ ഡാര്‍ക്ക് കോമഡിയായി ചിത്രീകരിച്ചതാണ് തലൈവര്‍ തമ്പി തലൈമയിലിന്റെ വിജയത്തിന് കാരണമായത്. മലയാളത്തില്‍ ഈ തീം പല സിനിമയിലും പരീക്ഷിച്ചിട്ടുണ്ടെങ്കിലും തമിഴില്‍ ഈ തീം പുതുമയുള്ളതാണ്.
മലയാളത്തില്‍ ഈ തീമില്‍ വന്ന് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ സിനിമകള്‍ നിരവധിയാണ്. അതില്‍ ആദ്യത്തേതാണ് ജാന്‍ ഏ മന്‍. പിറന്നാളാഘോഷം നടക്കുന്ന വീടിന്റെ തൊട്ടടുത്ത് ഒരു മരണം സംഭവിക്കുന്നതോടെ ചിത്രം മറ്റൊരു ലെവലിലേക്ക് കടക്കുകയാണ്. മരണവീട്ടില്‍ നടക്കുന്ന കാര്യങ്ങളെ തമാശയാക്കി അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു.
കഴിഞ്ഞവര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ വ്യസനസമേതം ബന്ധുമിത്രാദികളും സംസാരിച്ചത് ഇത്തരമൊരു തീമായിരുന്നു. മരണവീട്ടില്‍ ഒരു ക്യാമറ കൊണ്ടുവെച്ച് അവിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഒപ്പിയെടുത്തതുപോലെയായിരുന്നു ഈ ചിത്രം. തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ചര്‍ച്ചയായി.
മുകേഷ്, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്ത പരിവാറും ഡാര്‍ക്ക് കോമഡി ഴോണറിലാണ് ഒരുങ്ങിയത്. രാജേഷ് മാധവന്‍ നാകനായ ധീരനിലും മരണവുമായി ബന്ധപ്പെട്ടുള്ള കോമഡിയായിരുന്നു പ്രധാനം. ഈ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് തമിഴ് ചിത്രം തലൈവര്‍ തമ്പി തലൈമയില്‍.
തലൈവര്‍ തമ്പി തലൈമയില്‍ Photo: Screen grab/ Theatrical poster
കല്യാണവീട്ടിലെ ഒരുക്കങ്ങള്‍ക്കൊപ്പം മരണവീട്ടിലെ നിസഹായവസ്ഥകളും ഒപ്പിയെടുക്കാന്‍ ഈ ചിത്രത്തില്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഫാലിമിക്ക് ശേഷം മമ്മൂട്ടിയുമായുള്ള പ്രൊജക്ടായിരുന്നു നിതീഷ് ചെയ്യാനിരുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ അസുഖം കാരണമുണ്ടായ ഇടവേള ഈ പ്രൊജക്ടിന് താമസം വരുത്തി. കിട്ടിയ ഗ്യാപ്പില്‍ തമിഴിലും സ്‌കോര്‍ ചെയ്യാന്‍ നിതീഷിന് സാധിച്ചു. തമിഴില്‍ ചെന്ന് ഹിറ്റടിച്ച സംവിധായകരുടെ ലിസ്റ്റില്‍ നിതീഷും ഇടംപിടിച്ചിരിക്കുകയാണ്.
Content Highlight: Malayalam movies dealing with Dark comedy discussing after Thalaivar Thambi Thalaimayil