വിദേശ ലൊക്കേഷനും മലയാളസിനിമയും, ഒരിക്കലും ചേരാത്ത കോമ്പോയുടെ അവസാന എന്‍ട്രിയായി കരം
Malayalam Cinema
വിദേശ ലൊക്കേഷനും മലയാളസിനിമയും, ഒരിക്കലും ചേരാത്ത കോമ്പോയുടെ അവസാന എന്‍ട്രിയായി കരം
അമര്‍നാഥ് എം.
Friday, 26th September 2025, 4:34 pm

ഏത് കഥയായാലും നല്ല രീതിയില്‍ അവതരിപ്പിച്ചാല്‍ സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളസിനിമക്കുള്ളത്. എന്നാല്‍ വിദേശത്ത് വെച്ച് കഥപറയുന്ന സിനിമകള്‍ മലയാളത്തില്‍ അങ്ങനെ പച്ചപിടിച്ചിട്ടില്ല. കാലങ്ങളായുള്ള അതേ ട്രെന്‍ഡ് ഇപ്പോഴും തുടരുകയാണ്. നോബിള്‍ ബാബു തോമസിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കരം അതിലെ അവസാന എന്‍ട്രിയായി മാറിയിരിക്കുകയാണ്.

പൂര്‍ണമായും കേരളത്തിന് പുറത്താണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ജോര്‍ജിയയാണ് കരത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇന്ത്യയിലെ പോര്‍ഷനുകള്‍ ചിത്രീകരിച്ചത് ഷിംലയിലും മറ്റുമാണെന്ന് കഥാപശ്ചാത്തലം സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ഇതേ കഥ ഇന്ത്യക്കുള്ളില്‍ തന്നെ ഉത്തരേന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തില്‍ വെച്ച് ചിത്രീകരിച്ചാലും വലിയ മാറ്റമൊന്നും ഉണ്ടാകില്ല. കരത്തിന് മുമ്പ് വിദേശത്ത് ചിത്രീകരിച്ച് പച്ചപിടിക്കാതെ പോയ മലയാളസിനിമകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

അക്കരെയക്കരെയക്കരെ

മോഹന്‍ലാലിനെയും ശ്രിനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം നാടോടിക്കാറ്റ് ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗമായിരുന്നു. ആദ്യ രണ്ട് ഭാഗവും ഒരുക്കിയത് സത്യന്‍ അന്തിക്കാടായിരുന്നെങ്കിലും മൂന്നാം ഭാഗം പ്രിയദര്‍ശനാണ് അണിയിച്ചൊരുക്കിയത്. പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രം ബജറ്റിന്റെ ആധിക്യം കൊണ്ട് ശരാശരി വിജയത്തിലൊതുങ്ങി

ദുബായ്

ജോഷി- രണ്‍ജി പണിക്കര്‍- മമ്മൂട്ടി കൂട്ടുകെട്ടില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും ചെലവേറിയ മലയാളസിനിമയയിരുന്നു. 90 ശതമാനവും ദുബായില്‍ ചിത്രീകരിച്ച ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അമിതമായ ബജറ്റും ഷൂട്ട് നീണ്ടുപോയതുമാണ് ദുബായ്ക്ക് തിരിച്ചടിയായത്.

വൈറ്റ്

പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച മറ്റൊരു മമ്മൂട്ടി ചിത്രം. സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രം തിയേറ്ററില്‍ മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനാകാതെ തകര്‍ന്നു. ഹുമ ഖുറേഷി- മമ്മൂട്ടി കോമ്പിനേഷന്‍ സീനുകള്‍ ഇന്നും ട്രോള്‍ പേജുകളുടെ ഇരയാണ്. ഒരുപക്ഷേ, മമ്മൂട്ടിയുടെ ആരാധകര്‍ പോലും പൂര്‍ണമായി കാണാത്ത ചിത്രങ്ങളുടെ പട്ടികയില്‍ വൈറ്റുമുണ്ട്.

ലണ്ടന്‍ ബ്രിഡ്ജ്

പൃഥ്വിരാജ്- ആന്‍ഡ്രിയ ജെര്‍മിയ- പാര്‍വതി നമ്പ്യാര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം. ജിനു വി. എബ്രഹാമിന്റെ തിരക്കഥയില്‍ അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു. പൃഥ്വിയുടെ ഗെറ്റപ്പും പഴഞ്ചന്‍ കഥയുമാണ് ലണ്ടന്‍ ബ്രിഡ്ജിന് തിരിച്ചടിയായത്.

മൈ സ്‌റ്റോറി

റിലീസിന് മുമ്പ് ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ച ചിത്രം. പോര്‍ച്ചുഗലില്‍ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ച മൈ സ്‌റ്റോറി പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ്. 90കളില്‍ ബോളിവുഡില്‍ പോലും പഴകിത്തേഞ്ഞ കഥയും കണ്ടാല്‍ ചിരിവരുന്ന പൃഥ്വിയുടെയും പാര്‍വതിയുടെയും വിഗ്ഗും ട്രോളിനിരയായി.

രണം- ഡിട്രോയിറ്റ് ക്രോസിങ്

അമേരിക്കയെന്നാല്‍ അംബരചുംബികളായ കെട്ടിടങ്ങളും പാര്‍ട്ടികളും മാത്രമല്ലെന്ന് കാണിച്ചുതന്ന മലയാളസിനിമ. അമേരിക്കയിലെ പ്രേത നഗരമെന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ അധോലോകത്തിന്റെയും അതിനിടയില്‍ പെട്ടുപോകുന്ന മലയാളികളുടെയും കഥ വളരെ മികച്ച രീതിയില്‍ സംവിധായകന്‍ അവതരിപ്പിച്ചു. എന്നാല്‍ ആക്ഷന്‍ ത്രില്ലറെന്ന ധാരണയില്‍ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് രണം എന്ന ആക്ഷന്‍ ഡ്രാമ ദഹിക്കാതെ പോയി. ഇന്നും പലരുടെയും ഇഷ്ട സിനിമകളിലൊന്നാണ് രണം.

ഡ്രാമ

പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച മറ്റൊരു മലയാളചിത്രം. മലയാളസിനിമക്ക് ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍ -രഞ്ജിത് കോമ്പോയുടെ ഏറ്റവും മോശം ചിത്രമെന്ന ഖ്യാതി ഡ്രാമക്കാണ്. മുടക്കുമുതല്‍ പോലും തിയേറ്ററില്‍ നിന്ന് തിരിച്ചുപിടിക്കാനാകാതെ ഡ്രാമക്ക് കളമൊഴിയേണ്ടി വന്നു.

ലെവല്‍ ക്രോസ്

ഭൂരിഭാഗം സീനുകളും വിദേശത്ത് ചിത്രീകരിച്ച മറ്റൊരു മലയാള ചിത്രം. വെറും നാല് കഥാപാത്രങ്ങളെ വെച്ച് ചിത്രീകരിച്ച ലെവല്‍ ക്രോസ് ഗംഭീര സിനിമാനുഭവമായിരുന്നെങ്കിലും തിയേറ്ററില്‍ വിജയിക്കാനായില്ല. ആസിഫ് അലിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ലെവല്‍ ക്രോസിലേത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം മാത്രമാണ് ഈ പട്ടികയില്‍ വേറിട്ട് നില്‍ക്കുന്നത്. 90 ശതമാനവും ദുബായ്‌യില്‍ ചിത്രീകരിച്ച ജേക്കബിന്റെ സ്വര്‍ഗരാജ്യം വന്‍ വിജയമായി മാറി.

എന്നാല്‍ വിദേശത്തും കേരളത്തിലുമായി കഥ പറഞ്ഞ സിനിമകള്‍ക്ക് ഈ ഗതി വന്നിട്ടില്ലെന്നും ശ്രദ്ധേയമാണ്. താന്തോന്നി, ടൂ കണ്‍ട്രീസ്, എ.ബി.സി.ഡി, യോദ്ധ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. എത്ര വലിയ ബജറ്റുള്ള സിനിമയാണെങ്കിലും ‘നമ്മുടെ നാട്ടിലെ പച്ചപ്പും ഹരിതാഭയും’ കാണിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സിനിമാപ്രേമികളുടെ വാദം.

Content Highlight: Malayalam movies became flop which shot in foreign locations

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം