2026ന്റെ ആദ്യ പകുതി പൊളിച്ചു; രണ്ടാം പകുതി കത്തിക്കാന്‍ മോളിവുഡ്
Malayalam Cinema
2026ന്റെ ആദ്യ പകുതി പൊളിച്ചു; രണ്ടാം പകുതി കത്തിക്കാന്‍ മോളിവുഡ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 11th June 2026, 8:27 pm

രാജ്യത്തെ മറ്റേതൊരു ഫിലിം ഇന്‍ഡസ്ട്രിയുമായും താരതമ്യപ്പെടുത്തിയാല്‍ 2026ല്‍ ഇതുവരെ ഏറ്റവും വിജയകരമായ മേഖലയായി മോളിവുഡ് മാറിയിരിക്കുകയാണ്. പുതുമുഖങ്ങള്‍ അണിനിരന്ന വാഴ 2വും മലയാളത്തിലെ അതികായന്‍ മോഹന്‍ലാലിന്റെ ദൃശ്യം 3യും ജനപ്രിയ ഫ്രാഞ്ചൈസിയായ ആടിന്റെ മൂന്നാം ഭാഗവും എല്ലാം ചേര്‍ന്നപ്പോള്‍ അറുനൂറ് കോടിയ്ക്ക് മുകളിലുള്ള ബിസിനസാണ് 2026ന്റെ ആദ്യ പകുതിയില്‍ തന്നെ മോളിവുഡില്‍ സാധ്യമായിരിക്കുന്നത്.

ഇതിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച മോഹിനിയാട്ടവും, അതിരടിയും, പേട്രിയറ്റും കൂടെ ചേരുമ്പോള്‍ കണക്കുകള്‍ പലരെയും ആശ്ചര്യപ്പെടുത്തുമെന്നതില്‍ സംശയമില്ല. സമ്മര്‍ വെക്കേഷനുകളെ അതിന്റെ പൂര്‍ണതയില്‍ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളായിരുന്നു ഈ കാലയളവില്‍ പുറത്തിറങ്ങിയതെന്ന് നിസംശയം പറയാന്‍ സാധിക്കും. ഈ ഫോം നിലനിര്‍ത്താന്‍ വരാനിരിക്കുന്ന മാസങ്ങളില്‍ മലയാള സിനിമയ്ക്ക് സാധിക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ പ്രസക്തമാണ്. എന്നാല്‍ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റെടുത്താല്‍ ആദ്യപകുതിയെക്കാള്‍ ഗംഭീരമായി ഈ വര്‍ഷത്തെ രണ്ടാം പകുതി മോളിവുഡ് മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ടിക്കി ടാക്ക. Photo: IMDB

ഓണം റിലീസിനടക്കം വമ്പന്‍ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും റിലീസിനായി ഇപ്പോള്‍ രംഗത്തുള്ളത്. നിവിന്‍ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്, 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നായകനായെത്തി നിഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ. ആം ഗെയിം, മോഹന്‍ലാല്‍ കാമിയോയില്‍ പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ തുടങ്ങി മൂന്ന് വമ്പന്‍ ചിത്രങ്ങള്‍ ഓണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന് പുറമെ പ്രതീക്ഷകളേറെയുള്ള മറ്റ് ചിത്രങ്ങളും മലയാള സിനിമയുടെ ലൈനപ്പിലുണ്ട്. മലയാളത്തിലെ സ്റ്റൈലിഷ് സംവിധായകനായ അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ ഡ്യൂസും, വമ്പന്‍ ആക്ഷന്‍ ചിത്രമെന്ന ഹൈപ്പില്‍ ഒരുങ്ങുന്ന ആസിഫ് അലിയുടെ ടിക്കി ടാക്കയും, അടുത്ത ആഴ്ച്ച റിലീസിനൊരുങ്ങുന്ന ചിദംബരം സംവിധാനം ചെയ്യുന്ന ബാലനും പ്രതീക്ഷ പകരുന്നവയാണ്.

Photo: District

കഴിഞ്ഞ വര്‍ഷം സൈലന്റായെത്തിയ തുടരുമിലൂടെ ബോക്‌സ് ഓഫീസ് തൂക്കിയ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അതിമനോഹരവും, ജയസൂര്യയുടെ കരിയറിലെയും മലയാള സിനിമയിലെ ചരിത്രത്തിലെ തന്നെയും ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന കത്തനാറും വലിയ പൊട്ടന്‍ഷ്യലുള്ള ചിത്രങ്ങളാണ്.

Content Highlight: Malayalam movie fan waits for the second half of 2026

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.